ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥിസമരത്തിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവർക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍, ന്യൂസ് പോർട്ടലുകൾ തുടങ്ങിയവയ്ക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്. നിരവധി എക്സ് ഹാൻഡിലുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരായ നടപടിയുടെ ഭാഗമായി ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെയും ശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കണ്ടന്റുകൾ പരിശോധിച്ചാണ് ഡൽഹി പൊലീസിന്റെ നടപടി. പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ പേരും വിലാസവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കൈമാറാൻ പൊലീസ് എക്സിനോട് നിർദേശിച്ചിട്ടുണ്ട്. തീയതിയും സമയവും വ്യക്തമാക്കുന്ന ലോഗിൻ, ലോഗ് ഔട്ട് വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. അന്വേഷണ ആവശ്യങ്ങൾക്കായി വിവരങ്ങൾ സൂക്ഷിച്ചുവെക്കാനും എക്സിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അപകീർത്തികരമായ പോസ്റ്റുകൾ എത്രയും വേഗം നീക്കാനും പൊലീസ് എക്സിന് അയച്ച നോട്ടീസിലുണ്ട്.
Leave a Comment
Your comment will be visible after admin approval.