കെ എച്ച് എൻ എ ആർഷ ദർശന പുരസ്‌കാര നിർണ്ണയ സമിതി 2026-27

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

ഫ്ലോറിഡ : കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച്ച് എൻ എ) യുടെ സാരസ്വത സംരംഭങ്ങളുടെ ഭാഗമായ ആർഷ ദർശന സാഹിത്യ പുരസ്‌കാരത്തിന്റെ 2026 -27 ലെ നിർണ്ണയ സമിതി അംഗങ്ങളായി പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ: എം ജി ശശിഭൂഷൺ (ചെയർമാൻ) വിദ്യാഭ്യാസ വിചക്ഷണയും എഴുത്തുകാരിയുമായ ഡോ: ജെ പ്രമീളാദേവി പ്രശസ്ത തത്വചിന്തകനും സാഹിത്യ വിമർശകനുമായ ഡോ: എഴുമറ്റൂർ രാജരാജവർമ്മ എന്നിവരെ നാമനിർദ്ദേശം ചെയ്തതായി പ്രസിഡന്റ് ടി ഉണ്ണികൃഷ്ണനും സാഹിത്യ വിചാരവേദി ചെയർമാൻ സുരേന്ദ്രൻ നായരും അറിയിച്ചു.

ഭാരത്തിന്റെ പൈതൃകവും പാരമ്പര്യവുമായ വൈദിക ധർമ്മത്തെ വിചാരം ചെയ്തു സർഗ്ഗാത്മക സാഹിത്യസൃഷി (കഥ കവിത നോവൽ വൈജ്ഞാനികം) നടത്തുന്ന മലയാളത്തിലെ ഒരു സാഹിത്യകാരന് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ആദരമാണ് ആർഷ ദർശന പുരസ്‌കാരം.

ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം. 2017 ൽ ആരംഭിച്ച ഈ പുരസ്‌കാര സ്വീകരണത്തിലൂടെ കെ എച്ച് എൻ എ യെ ധന്യമാക്കിയ മഹാരഥന്മാർ ജ്ഞാനപീഠം ജേതാവും മഹാകവിയുമായ അക്കിത്തം അച്യുതൻ നമ്പൂതിരി വിഖ്യാത നോവലിസ്റ്റും വൈജ്ഞാനിക പ്രതിഭയുമായ സി രാധാകൃഷ്ണൻ മലയാളത്തിന്റെ പ്രിയ കവി ശ്രീകുമാരൻ തമ്പി വേദോപനിഷത്തുക്കളിലെ ഭാരത സ്ത്രീ സങ്കൽപ്പത്തെ പഠനവ്യഗ്രതയോടെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലേറെക്കാലമായി സൂക്ഷ്മമായി അപഗ്രഥിക്കുന്ന നിരൂപകയും മലയാള സാഹിത്യ തറവാട്ടിന്റെ മാതാവുമായ ഡോ: എം ലീലാവതി എന്നിവരാണ്.

മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ ആദരിക്കുന്നതോടൊപ്പം സനാതന ധർമ്മത്തിൽ ലീനമായിരിക്കുന്ന വിജ്ഞാനത്തിന്റെ തിളക്കം സാഹിത്യ സപര്യയിലൂടെ ദൃശ്യവൽക്കരിക്കുന്ന നവാഗത എഴുത്തുകാർക്കായി ഒരു യുവസാഹിതീ സമ്മാനവും കുടി ഇക്കൊല്ലത്തെ ആർഷ ദർശന പുരസ്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അൻപതിനായിരം രൂപയും ശിൽപ്പവുമായിരിക്കും പ്രോത്സാഹനം.

സനാതന ധർമ്മ പ്രമേയങ്ങളെ കാലോചിതമായി പ്രമാണങ്ങളാക്കി പരിഷ്കരിച്ചു പ്രചരിപ്പിക്കുന്ന കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിൽ അംഗങ്ങളായ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ ഡോ: സുശീല രവീന്ദ്രനാഥ് ജയശങ്കർ പിള്ള മധു ചെറിയേടത്തൂ പ്രസാദ് നായർ എന്നിവരാണ്
പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക് മേനോൻ തുടങ്ങിയ ഭാരവാഹികൾക്കൊപ്പം പുരസ്‌കാര വിതരണത്തിനായി പ്രവർത്തിച്ചു വരുന്നത്.

സുരേന്ദ്രൻ നായർ (കെ.എച്ച്.എൻ.എ ഔദ്യോഗിക ന്യൂസ്)

Share this story

Leave a Comment

Your comment will be visible after admin approval.