സൈനിക നീക്കങ്ങളില്‍ നിന്ന് പിന്മാറി യുഎസ്; ഇറാനുമായി നിര്‍ണായക നയതന്ത്ര ചര്‍ച്ച

Global Indian Writer · August 4, 2026 · 1 min read · 0 Comments · 0 Shares

വാഷിങ്ടന്‍: ഇറാനുമായി അമേരിക്ക നടത്തുന്ന നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ വന്‍ യുദ്ധഭീതി ഉയര്‍ത്തിയ കടുത്ത സൈനിക ആക്രമണ നീക്കങ്ങളില്‍ നിന്ന് യുഎസ് തല്‍ക്കാലം പിന്മാറിയിരിക്കുകയാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണത്തിന് യുഎസും ഇസ്രയേലും പദ്ധതിയിട്ടിരുന്നെങ്കിലും, സഖ്യരാജ്യങ്ങളുടെയും ഇറാന്റെയും അഭ്യര്‍ഥന മാനിച്ചാണ് നയതന്ത്രത്തിന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. വലിയൊരു ആക്രമണത്തിന് അമേരിക്ക പൂര്‍ണ സജ്ജമായിരുന്നുവെന്നും എന്നാല്‍ കൂടുതല്‍ ആള്‍നാശം ഒഴിവാക്കാനും സമാധാനപരമായ കരാറിലെത്താനും സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലാണ് കടുത്ത യുദ്ധത്തില്‍ നിന്ന് മേഖലയെ തല്‍ക്കാലത്തേക്ക് വഴിതിരിച്ചുവിട്ടത്. ചര്‍ച്ചകളുടെ കൃത്യമായ സ്ഥലമോ പ്രതിനിധികളുടെ വിശദാംശങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യാന്തര എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ പദ്ധതികള്‍ക്ക് വിരാമമിടുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.

Share this story

Leave a Comment

Your comment will be visible after admin approval.