പി.പി ചെറിയാൻ
ഡാളസ് :മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു.”ഉണർവ്വ്” എന്ന നാമധേയത്തിൽ റിവൈവൽ മിറ്റിംഗ് ആൻ്റ് സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂൺ 9-ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിൾ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റർ എഴുതി പൂർത്തിയാക്കി. ഏകദേശം 600-ൽ അധികം ഇടവകാംഗങ്ങൾ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാർത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ എഴുതി അവസാനിച്ചു.
ഞായറാഴ്ച കുർബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ ഈ കൈയ്യെഴുത്ത് ബൈബിൾ എഴുതാൻ നേതൃത്വം നൽകിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കൺവീനറായി ഷാജി ഡേവിഡ്, കോ-കൺവീനറായി റീനാ മാത്യു, ഡോ. അഞ്ചു ബിജിലി, ഡോ. ഷെർളി മാത്യു, എലിസബത്ത് ജോൺ, ഈശോ മാളിയേക്കൽ , ട്രീഷാ മാത്യു, മിഷാൽ ടോംസി , സുമിതാ ജയ്സ് , സജിന ലാജി എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.

അമേരിക്കൻ ഭദ്രാസനത്തിൽ ആദ്യമായിട്ടാണ് ബൈബിൾ കൈയ്യെഴുത്ത് പൂർണ്ണമായി എഴുതുന്നത്. ഇതിലൂടെ സംഭാവനയായി ലഭിച്ച തുക ഇന്ത്യയിലുള്ള പ്രദേശങ്ങളിൽ ബൈബിൾ സൊസൈറ്റിയുടെ പങ്കാളിത്തത്തോടുകൂടി ബൈബിൾ വിതരണം ചെയ്യുവാൻ കമ്മിറ്റി തീരുമാനിച്ചു. ഒന്നിച്ചുള്ള പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.