മയക്കുമരുന്നിന് അടിമകളാകുന്ന അദ്ധ്യാപകരും അദ്ധ്യാപനവും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

അദ്ധ്യാപനം അതിനോളം മഹത്തായ മറ്റൊരു ജോലിയില്ല. അജ്ഞാതയിൽ നിന്ന് അറിവിന്റെ ലോകത്തേയ്ക്ക് ഒരാളെ കൈപിടിച്ച് നടത്തുന്നവരാണ് അദ്ധ്യാപകർ. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അദ്ധ്യാപനത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഒരദ്ധ്യാപക കുടുംബത്തിൽ നിന്നുള്ളതിനാൽ അദ്ധ്യാപനത്തിന്റെ മഹത്വം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

സമൂഹം ആദരവോടെയാണ് അധ്യാപകരെ കണ്ടിരുന്നത്. രാഷ്ട്രത്തിന്റെ തലവൻ പോലും തന്റെ അദ്ധ്യാപകനെ കണ്ടാൽ എഴുന്നേറ്റ് ആദരിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന സമയത്ത് ഡോ. ശങ്കർദയാൽ ശർമ്മ ഒമാൻ സന്ദര്ശിക്കുകയുണ്ടായി. അദ്ദേഹത്തെ സ്വീകരിക്കുവാൻ അന്നത്തെ ഒമാൻ രാഷ്ട്രത്തലവൻ എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ച് വിമാനത്താവളത്തിൽ എത്തിയിരുന്നു. അത് മാത്രമല്ല വിമാത്താവളത്തിൽ നിന്ന് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് സ്വയം ഡ്രൈവ് ചെയ്താണ് ഒമാൻ ഭരണാധികാരിയായ…. കൊണ്ടുപോയത്. അതിന് കാരണം ഡോ. ശർമ്മ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. കൊലകത്തിയുമായി നിൽക്കുന്നവൻ പോലും തന്റെ അദ്ധ്യാപകനെ കണ്ടാൽ കൈവിറക്കുമായിരുന്നു. ഒരദ്ധ്യാപകന്റെ മഹത്വവും സമൂഹം എത്രമാത്രം ആദരിച്ചിരുന്നുമെന്നുള്ളത്തിന് ഉദാഹരണങ്ങളായിരുന്നു മേല്പറഞ്ഞത്. അദ്ധ്യാപകർ രാഷ്ട്രത്തിന്റെ നാളെയുടെ വാഗ്ദാനങ്ങളെ സൃഷ്ടിക്കുന്നവരാണ്. രാഷ്ട്രപുനനിർമ്മാണത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകുന്നവരാണ് അദ്ധ്യാപകർ.

ഒരു കാലത്ത് അദ്ധ്യാപകരെ ബഹുമാനത്തോടെ കണ്ടിരുന്നെങ്കിൽ ഇന്ന് അതിന് മാറ്റമുണ്ട്. അതിന് കാരണം അവരുടെ പ്രവർത്തികൾ തന്നെയെന്നുവേണം കരുതാൻ. ഇന്ന് സമൂഹത്തിലെ എല്ലാ സാമൂഹിക വിരുദ്ധ പ്രവർത്തികൾക്കും പിന്നിൽ അധ്യാപകരുമുണ്ട്. എല്ലാവരും ഇല്ലെങ്കിലും ഒരു ചെറിയ ശതമാനമുണ്ട്. ഇന്ന് മയക്കുമരുന്ന് സംഘങ്ങളിൽ പോലും അദ്ധ്യാപകർ കേരളത്തിലുണ്ട്. ഈ അടുത്ത കാലത്ത് വടകരയിൽ നിന്ന് മൂന്ന് അദ്ധ്യാപികമാരെ മയക്കുമരുന്ന് കേസ്സിൽ അറസ്റ്റ് ചെയ്യുകയുണ്ടായത് കേരളത്തിൽ ഇന്ന് മയക്കുമരുന്ന് കടത്തുന്നതിൽ പോലും അദ്ധ്യാപകർ ഉൾപ്പെടുന്നു യെന്നതിന്റെ തെളിവാണ്.

കേരളത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കിയ മയക്കുമരുന്നിനെതിരെയുള്ള തുഫാന്റെ അന്വേഷണത്തിലാണ് ഈ അദ്ധ്യാപികമാരുടെ മയക്കുമരുന്ന് ഇടപാട് പോലീസ്സ് കണ്ടെത്തിയത്. ഇവർ ഇടപാട് നടത്തുന്നവർ മാത്രമല്ല അത് ഉപയോഗിക്കുന്നവർകുടിയാണെന്ന് കണ്ടെത്തിയത് കേരളം കേട്ടത് ഒരു മരവിപ്പോടെയാണ്. വിദ്യാർത്ഥികളെ പഠിപ്പിപ്പിക്കുമ്പോൾ അവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമായിരുന്നുയെന്നത് നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് നടന്നത്. നമ്മുടെ വിദ്യാഭ്യാസത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവർക്ക് എങ്ങനെ പറയാൻ കഴിയും ഇവരുടെ കുട്ടികളോട് മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന്. അല്ലെങ്കിൽ ഒരു കുട്ടി ഇത് ഉപയോഗിച്ചിട്ട് ക്ലാസ്സിൽ വന്നാൽ അതിനെതിരെ നടപടിയെടുക്കാൻ എങ്ങനെ ധൈര്യം വരും. അമ്മ വേലിചാടി മകൾ മതില് ചാടിയെന്നതായിരിക്കും ഇവരുടെ കുട്ടികളുടെ അവസ്ഥ. മറ്റൊരു രീതിയിൽ പറഞ്ഞാൽ വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണ് ഇവരുടെ വിദ്യാലത്തിലേത്.

മൂന്ന് അദ്യാപികമാരെ മയക്കുമരുന്ന് കടത്തിയതിനും അത് ഉപയോഗിച്ചതിനും അറസ്റ്റ് ചെയ്തത് അത്ര ഗൗരവത്തോടെ കേരളം കണ്ടോ എന്ന് സംശയമാണ് അദ്ധ്യാപകർ ഇങ്ങനെയായാൽ കുട്ടികൾ പിന്നെ എങ്ങനെയാകും. മദ്യപിച്ചെത്തുന്ന അദ്ധ്യാപകരെകുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ അദ്ധ്യാപകർ മയക്ക് മരുന്നിന് അതും വനിത അദ്ധ്യാപകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വളരെ വിരളമാണ്. ഇത് ഒരുപക്ഷെ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണരുത്. കാരണം തുഫാൻ തുടങ്ങിയിട്ടേ ഉള്ളു. കൂടുതൽ ആഴത്തിൽ അന്വേഷണം നടത്തുമ്പോൾ ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടാകാം. എത്രമാത്രം മയക്കുമരുന്നിൽ കേരളം അകപ്പെട്ടിട്ടുണ്ടെന്ന് അതിൽകൂടി മനസിലാക്കാം. കേരളത്തിൽ മിഡിൽ സ്‌കൂൾ തൊട്ട് വിദ്യാർഥികൾ പുകവലിക്കുന്നുണ്ടെന്നാണ് ഈ അടുത്ത കാലത്ത് വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത്. ഹൈസ്കുളുകളിലെ വിദ്യാർത്ഥികളുടെ ഇടയിൽ മയക്കുമരുന്നുപയോഗം വളരെയധികം ഉണ്ടെന്നും ആ റിപ്പോർട്ടിൽ പറയുന്നു. ഇവയൊക്ക് കുട്ടികളിൽ എത്തിക്കാൻ കുട്ടികളുടെ ഇടയിൽ തന്നെ പ്രത്യേക സംഘം ഉണ്ടെന്നാണ് അവർ കണ്ടെത്തിയത്. പണ്ട് ഐസും നാരങ്ങാമുട്ടായും കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് വീര്യമുള്ള വസ്തുക്കളായി മാറി. അതിന് കാരണം പലതാണ് അവർക്ക് അത് യഥേഷ്ടം കിട്ടുന്നു. അവർ അതുപയോഗിക്കുമ്പോൾ അത് കണ്ടുപിടിക്കാൻ അധ്യാപകർക്കോ മാതാപിതാക്കൾക്കോ കഴിയാറില്ല. അദ്ധ്യാപകർ അതിന്റെ ഇടനിലക്കാരും ഉപയോഗിക്കുന്നവരും ആകുമ്പോൾ എങ്ങനെ സാധിക്കും. റീൽസുമായും സെൽഫോണുമായി തിരക്കാകുന്ന മാതാപിതാക്കളും എങ്ങനെ ശ്രദ്ധിക്കാനാണ്.

എളുപ്പത്തിൽ പണം നേടാൻ ഇന്നത്തെ തലമുറ കണ്ടെത്തുന്ന മാർഗ്ഗമാണ് മയക്കുമരുന്നിൽ പങ്കാളികളാവുകയെന്നത്. അതിൽ ഇന്ന് അദ്ധ്യാപകരും ഉൾപ്പെടുന്നുയെന്നത് അവരെ മാത്രമല്ല അവർ വഹിക്കുന്ന പദവിയേയും കളങ്കപ്പെടുത്തുന്നു. അതോടൊപ്പം അവർ പ്രവർത്തിക്കുന്ന മേഖലയെയും കളങ്കപ്പെടുത്തുന്നും ഓർക്കുക.

Share this story

Leave a Comment

Your comment will be visible after admin approval.