ഗീവറുഗീസ് ചാക്കോ
ഡാളസ്: അതുജ്ജ്വല സ്മാഷുകളിലൂടെ 1980 കളില്‍ വോളിബോള്‍ കോര്‍ട്ടുകളിലെ ആവേശമായിരുന്ന മുന്‍ രാജ്യാന്തര താരം പി.എസ്സ്. അബ്ദുള്‍ റസാഖ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഡാളസില്‍ നടക്കുന്ന 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മുഖ്യാതിഥിയായി എത്തിയതാണ് ജിമ്മിജോര്‍ജിന്റെ സഹകളിക്കാരന്‍ കൂടിയായിരുന്ന അബ്ദുള്‍ റസാഖ്.
കേരള പോലീസില്‍ നിന്നും കമാന്‍ഡന്റായി വിരമിച്ച റസാഖിന്റെ മൂന്നാം അമേരിക്കന്‍ സന്ദര്‍ശനമാണിത്. 2022-ല്‍ ഷിക്കാഗോയില്‍ നടന്ന ജിമ്മിജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിലും വിശിഷ്ടാതിഥിയായിരുന്നു. 1981-ല്‍ കോളറാഡോ സ്പ്രിംഗ്‌സില്‍ നടന്ന ലോക ജൂനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. മെയ് 30-ന് ദോഹ വഴി കേരളത്തിലേക്ക് മടങ്ങും.
1975-ല്‍ തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌ക്കൂളിന്റെ ആദ്യ ബാച്ചുകാരനായ റസാഖ് സംസ്ഥാന സ്‌ക്കൂള്‍-ജൂനിയര്‍-യൂത്ത്-സീനിയര്‍ ടീമുകളില്‍ അംഗമായതിന് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്.
സിറിള്‍ സി വെള്ളൂര്‍, അന്തരിച്ച ഉദയകുമാര്‍, റസാഖ് എന്നിവര്‍ ഏറെക്കാലം ഇന്ത്യന്‍ ടീമിലെ ത്രിമൂര്‍ത്തികളായിരുന്നു.
ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയടക്കം 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ ഇന്‍ഡ്യന്‍ ജേഴ്‌സിയണിഞ്ഞു.
1980-ല്‍ സോള്‍ ഏഷ്യന്‍ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച അറ്റാക്കറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1981ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.
അബുദാബി പ്രഫ്ഷണല്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ദേശീയ ഗെയിംസ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
1985 മുതല്‍ 91 വരെ സിറിള്‍, ഉദയകുമാര്‍ എന്നിവരോടൊപ്പം കേരളാ പോലീസിനെ അഖിലേന്ത്യാ പോലീസ് ഗെയിംസില്‍ ജേതാക്കളാക്കാനും മുഖ്യ പങ്കുവഹിച്ചു. കേരള പോലീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റെയില്‍വേയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച മുന്‍ ദേശീയ വോളിതാരം സ്‌റ്റെല്ലയാണ് ഭാര്യ. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും വോളിബോള്‍ താരങ്ങളായിരുന്നു. മൂത്തസഹോദരന്‍ പരേതനായ കാസിം കേരള സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ സഹോദരനും തിരുവനന്തപുരം ടൈറ്റാനിയം മുന്‍ പരിശീലകനുമായിരുന്ന പരേതനായ പി.എസ്. മുഹമ്മദാലി 1978-ല്‍ ഇന്‍ഡ്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കേരള സംസ്ഥാന വോളിബോള്‍ സീനിയര്‍ ടീമിന്റെ പരിശീലകനായും, ദേശീയ ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുള്‍ റസാഖ് ഇപ്പോള്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി കാഞ്ഞിരപ്പള്ളിയില്‍ ഒരു വോളിബോള്‍ അക്കാഡമിക്ക് മേല്‍നോട്ടം വഹിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രിന്‍സ്(ഡാലസ്)- 469 954 1618
Leave a Comment
Your comment will be visible after admin approval.