കാല്‍ഗറി: അഞ്ചാം പ്രാവശ്യവും ലോക കേരള സഭയിലേക്ക് കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ കാല്‍ഗറി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസികളെ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29,30,31 തീയതികളിലായി കേരള നിയമസഭ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും.
ലോക കേരള സഭയുടെ നോര്‍ത്ത് അമേരിക്ക മഹാ സമ്മേളനം 2023 -ല്‍ ന്യൂയോര്‍ക്കില്‍ നടന്നപ്പോള്‍ പങ്കെടുത്തിരുന്ന പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു ജോസഫ് ജോണ്‍.
സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ജോസഫ് ജോണ്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതല്‍ പോത്തനാട് ജയ് ഹിന്ദ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ തുടങ്ങിയ ആ പ്രവര്‍ത്തനം പന്നിവിഴ സന്തോഷ് വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളിലൂടെ നാടിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ആഴത്തില്‍ വേരോടി.

നിലവില്‍ കാനഡയുടെ മലയാളം മിഷന്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, വിദേശമണ്ണിലും മലയാള ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. 2009-2010 കാലഘട്ടത്തില്‍ കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായി മികച്ച സേവനമനുഷ്ഠിച്ചു.
?കാവ്യസന്ധ്യ: 2010-ല്‍ അദ്ദേഹം കൂടി മുന്‍കൈ എടുത്ത് രൂപീകരിച്ച കാല്‍ഗറി ‘കാവ്യസന്ധ്യ’ സാംസ്‌കാരിക ലോകത്തെ അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലിന്റെ മികച്ച ഉദാഹരണമാണ്.
ജെ.ജെ. അടൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം ശ്രദ്ധേയനായ ഒരു എഴുത്തുകാരന്‍ കൂടിയാണ്. ‘തുറ’, ‘പദ്മശ്രീയും സ്വാതന്ത്ര്യവും’ എന്നീ പുസ്തകങ്ങളിലൂടെ മലയാള സാഹിത്യലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചു. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അദ്ദേഹം ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ ബോര്‍ഡ് അംഗം കൂടിയാണ്.
എഞ്ചിനീയറിംഗ്, കൊറോഷന്‍ പ്രൊട്ടക്ഷന്‍, പ്രോജക്റ്റ് മാനേജ്മെന്റ് (PMP) എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകൃത യോഗ്യതകളുള്ള ജോസഫ് ജോണ്‍, തന്റെ തൊഴില്‍പരമായ മികവിനൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയും ചേര്‍ത്തുപിടിക്കുന്നു.



