ന്യൂഡൽഹി: ഹൈക്കോടതിയുടെ പരിഗണനയിലുള്ള കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജിയിലാണ് നരിമാനോട് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആവശ്യ പ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം തേടിയത്. സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ നിയമോപദേശം തേടിയതെന്നാണ് റിപ്പോർട്ട്.
