ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നാളെ നിലവിൽ വരും. ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന 66 ശതമാനം ഉൽപ്പന്നങ്ങളെ ഈ അധിക തീരുവ ബാധിക്കും.
ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഈ അധിക തീരുവ. ട്രംപിന്റെ മുൻ പ്രഖ്യാപനം പോലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അനുബന്ധ നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ രൂപ രേഖ കഴിഞ്ഞ ദിവസം യു.എസ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ആഗസ്റ്റ് 27 മുതൽ അധിക തീരുവ പ്രാബല്യത്തിൽവരുമെന്നാണ് കരടിൽ പറയുന്നത്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം ഈ അധിക തീരുവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന 60.2 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളെ ബാധിക്കും. അതിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, ഫർണിച്ചർ, ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല വലിയൊരു അളവിൽ തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കും. ആഗോളവിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ഗണ്യമായി കുറക്കും. ചൈന, വിയറ്റ്നാം, മെക്സിക്കോ, തുർക്കി, പാകിസ്താൻ, നേപ്പാൾ, ഗ്വാട്ടിമാല, കെനിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും തീരുവ പരിഷ്കരണങ്ങൾക്ക് ശേഷവും ദീർഘകാല വിപണി നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ടെന്നും ജി.ടി.ആർ.ഐ പറയുന്നു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീൻ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, പരവതാനി, വസ്‍ത്രങ്ങൾ, ഡയമണ്ട്, ഗോൾഡ് ആഭരണങ്ങൾ, ഉരുക്ക്, അലൂമിനിയം, ചെമ്പ്, സ്മാർട് ഫോണുകൾ, ഫർണിച്ചറുകൾ, കിടക്കകൾ, കട്ടിലുകൾ എന്നിവയുടെ കയറ്റുമതിയെയാണ് അധിക തീരുവ പ്രധാനമായും ബാധിക്കുക.
ഈ ഇന്ത്യൻ ഉൽപ്പന്നങ്ങൾ അധിക തീരുവ നേരിടുമ്പോൾ, വിപണി പിടിച്ചെടുക്കാനുള്ള ശ്രമവുമായി ചൈന, വിയറ്റ്നാം, മെക്സിക്കോ എന്നീ രാജ്യങ്ങളും രംഗത്തുണ്ട്. ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയുടെ 66 ശതമാനത്തെ അധിക തീരുവ ബാധിക്കും. ഏതാണ്ട് 86.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് നടക്കുന്നത്.
ഇത് 2026 ആകുമ്പോഴേക്കും 49.6ബില്യൺഡോളറായി ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങളുടെ ജി.ഡി.പി ഒന്നിച്ചെടുത്താൽ 53.9 ട്രില്യൺ ഡോളർ വരും. ആഗോള സാമ്പത്തിക ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നു വരും ഇത്. 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്നു രാജ്യങ്ങളും ചേർന്നു നടത്തുന്നത്. അതായത് ലോകത്താകെ നടക്കുന്ന കയറ്റുമതിയുടെ അഞ്ചിലൊന്ന് വരും.



