ആൻഡ്രൂസ് അഞ്ചേരി
ഡാലസ്: ഡാലസ്സിലെ മലയാളി സമൂഹത്തിനും, അമേരിക്കയിലെ മലയാളി സാംസ്കാരിക വേദികൾക്കും ഒരുപോലെ പ്രിയങ്കരനായ വിൻസെൻറ് വലിയവീട്ടിൽ (70) ഡാലസിൽ അന്തരിച്ചു.
വിൻസെൻറ് തന്റെ ജീവിതം മലയാളികളുടെ കലാസാംസ്കാരിക വളർച്ചയ്ക്ക് സമർപ്പിച്ചു. സംഗീതത്തിലൂടെയുള്ള സംഭാവനകൾ, വിശ്വാസത്തോടെ ജീവിച്ച ജീവിതകഥകൾ, പോരാട്ടങ്ങൾ, ആത്മാർത്ഥ സൗഹൃദങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ വലിയ പൈതൃകം. ലളിതനും വിനയശീലിയും സൗഹൃദസ്വഭാവമുള്ള വ്യക്തിത്വം കൊണ്ടാണ് വിൻസെൻറെ പേര് സമൂഹത്തിൽ എന്നും ജീവിക്കുന്നത്.
വിൻസെൻറ് ആദ്യമായി അമേരിക്കയിലെത്തിയത് ഒരു സംഗീത സംഘത്തോടൊപ്പം ആയിരുന്നു.ജീവനോപാധിക്കായി അദ്ദേഹം വനിതാ ഫാഷൻ ബ്ലൗസ് ഡിസൈൻ രംഗത്തേക്ക് കടന്നു. കുറച്ചു കാലത്തിനുള്ളിൽ തന്നെ വലിയൊരു പേര് നേടി. പതിനൊന്ന് വർഷത്തേക്കോളം നീണ്ട ഗ്രീൻ കാർഡ് കാത്തിരിപ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ പരീക്ഷണം.എന്നാൽ ആത്മവിശ്വാസവും ദൈവവിശ്വാസവുമാണ് അദ്ദേഹത്തെ കരുത്തനാക്കിയത്.ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ പുതുവൈഭവത്തിലേക്ക് നയിച്ചു.
2008-ൽ മാർത്തോമാ ചര്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഗായകസംഘം സംഗീത സിഡി പുറത്തിറക്കി ഏഷ്യാനെറ്റ് ടിവിയിൽ ഗാനങ്ങൾ സംപ്രേഷണം ചെയ്തപ്പോൾ, മ്യൂസിക് ട്രാക്കുമായി ബന്ധപ്പെട്ട് വിൻസെൻറിനൊപ്പം ചിലവഴിച്ച കാലം എന്നും സ്മരണീയമാണ്. ആ കാലത്ത് അദ്ദേഹം ജീവിതത്തിലെ വിവിധ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചു.
അടുത്തിടെ അദ്ദേഹത്തെ കണ്ടപ്പോൾ, ആ സിഡിയിലെ ബിനോയ് സെബാസ്റ്റ്യൻ രചിച്ചു, ഞാൻ ആ ഈണം പകർന്ന്, വിൻസെൻറ് സംഗീതസംവിധാനം ചെയ്ത ‘രാവിൻ നിറവിൽ’” എന്ന ഗാനം YouTube-ൽ 68,000-ത്തിലധികം കാഴ്ചകൾ നേടിയെന്ന് പറയുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇന്നും മനസ്സിൽ തെളിയുന്നു.
വിൻസെൻറിന്റെ പേര് സംഗീതവുമായി ഏറ്റവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.സുഹൃത്തുക്കളോട് കാണിച്ച ആത്മാർത്ഥതയും സഹോദരങ്ങളെപ്പോലെ നിന്ന സഹായവും സമൂഹത്തിനകത്ത് അദ്ദേഹത്തെ പ്രിയങ്കരനായി തീർത്തു.
സംഗീതത്തിലൂടെയും ജീവിതത്തിലൂടെയും, വിൻസെൻറ് മലയാളികൾക്ക് നൽകിയത് സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. കുടിയേറ്റ ജീവിതത്തിന്റെ വെല്ലുവിളികളും അതിജീവിച്ച ധൈര്യവും, വിജയത്തിലേക്ക് നയിച്ച ദൈവവിശ്വാസവുമെല്ലാം തലമുറകൾക്ക് പ്രചോദനമാകും.
ഈ അതുല്യ പ്രതിഭയുടെ അകാല നിര്യാണത്തിൽ ദുഖിച്ചിരിക്കുന്ന ഏവരോടും ഒപ്പം ഞാനും പങ്കു ചേരുന്നു



