ദുബൈ: ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് രണ്ടാം വാരത്തിൽ മുസ്ലിം വ്രതമാസം ആരംഭിക്കും മുമ്പ് വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.
ഭക്ഷണവിതരണത്തിന് കാത്തിരുന്ന ഫലസ്തീൻകാർക്കു നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന് കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ധാരണ.
കൈറോയിലേക്ക് സംഘത്തെ അയക്കുന്നതു സംബന്ധിച്ച് ഇസ്രായേലിനുള്ളിൽ അവ്യക്തത തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ് യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.