പി. പി.ചെറിയാൻ
വാഷിങ്ടൻ ഡി സി : വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റ് രേഖകളും ക്ലാസിഫൈഡ് ഡോക്മെന്റ്സും സ്വകാര്യ ഓഫിസിലേക്ക് മാറ്റിയെന്ന ആരോപണം തന്നെ അതിശയിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു. യുക്രെയ്ൻ, ഇറാൻ, യുകെ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ബൈഡൻ അധികാരമൊഴിയുന്നതോടെ തന്റെ സ്വകാര്യ ഓഫിസിലേക്ക് മാറ്റം ചെയ്തതായി ആരോപണം ഉന്നയിച്ചത് അമേരിക്കയിലെ ഒരു പ്രധാന ദിനപത്രമാണ്. ഏകദേശം പത്ത് സുപ്രധാന രേഖകളാണ് നീക്കം ചെയ്തിരിക്കുന്നതെന്നും പത്രം ചൂണ്ടി കാണിച്ചിരുന്നു.
ഇത്തരം രേഖകൾ അവിടെ ഉണ്ടായിരുന്നുവോ എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ നിന്നും നിരവധി ഔദ്യോഗിക രേഖകൾ പിടിച്ചെടുത്തതിനെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ബൈഡനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം മറ്റൊരു വിവാദത്തിനു തുടക്കമിട്ടിരിക്കയാണ്.
അറ്റോർണി ജനറൽ മെറിക് ഗാർലന്റാണ് ട്രംപിന്റെ വസതിയിൽ നിന്നും ഔദ്യോഗിക രേഖകൾ പിടിച്ചെടുത്തത് സംബന്ധിച്ച അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. യുഎസ് ഹൗസിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.