Sunday, September 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് 21 പാർട്ടികൾക്ക് ക്ഷണം

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് 21 പാർട്ടികൾക്ക് ക്ഷണം

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ‘സമാന ചിന്താഗതിക്കാരാ’യ 21 രാഷ്ട്രീയ പാർട്ടികൾക്കു ക്ഷണം. ശ്രീനഗറിൽ ഈ മാസം 30നാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിനാണു സമാപന സമ്മേളനത്തിലേക്ക് 21 രാഷ്ട്രീയ പാർട്ടികളെ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചത്. ഈ പാർട്ടികളുടെ അധ്യക്ഷൻമാർക്കു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ്, സിപിഎം, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയവയ്ക്കാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്.

അതേസമയം, ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയെ ക്ഷണിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതു ശ്രദ്ധേയമായി. ചൈനയിൽ കോവിഡ് വ്യാപിച്ച സമയത്ത് ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

‘‘രാജ്യത്ത് വ്യാപിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെ സ്വയം പോരാടാനും‌ സത്യത്തിന്റെയും ദയയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഈ പരിപാടിയിൽ നാം പ്രതിജ്ഞാബദ്ധമാണ്. ഇതിനു പുറമെ ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവയുടെ സംരക്ഷണവും നമ്മുടെ ചുമതല തന്നെ’’ – പാർട്ടി അധ്യക്ഷൻമാർക്ക് അയച്ച കത്തിൽ ഖർഗെ ചൂണ്ടിക്കാട്ടി.

കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര, 3750 കിലോമീറ്ററുകളോളം താണ്ടിയാണ് ഈ മാസം 30ന് ശ്രീനഗറിൽ അവസാനിക്കുന്നത്. നിലവിൽ പഞ്ചാബിലൂടെയാണു യാത്ര പുരോഗമിക്കുന്നത്. വിവിധ മേഖലകളിൽനിന്നുള്ള ഒട്ടേറെ പ്രഗത്ഭർ ഇതുവരെ യാത്രയുടെ ഭാഗമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments