ആറ് പേരുടെ ജീവൻ അപഹരിച്ച നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണെന്നും ആയുധ നിരോധന നിയമം ഉടൻ പാസാക്കണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ടെന്നസിയിലെ നാഷ്‌വില്ലെയിലെ എലമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികളും മൂന്ന് സ്കൂൾ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ബർട്ടൺ ഹില്ലിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കവനന്റ് സ്കൂളിലെത്തിയ തോക്കുധാരി നിറയൊഴിക്കുകയായിരുന്നു. 28-കാരിയായ വനിതയാണ് ആക്രമം നടത്തിയത് എന്നാണ് വിവരം. ഇവരെ വെടിവച്ച് കൊലപ്പെടുത്തിയതായി നാഷ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.