ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ആഴ്ചകളായി തുടരുന്ന കൊടുങ്കാറ്റിൽ വ്യാപകനാശം. കനത്ത മഴയും തുടർന്നുള്ള വെള്ളപ്പൊക്കവും മൂലം സംസ്ഥാനവാസികൾക്കു പൊറുതിമുട്ടിയതായി റിപ്പോർട്ടുകളിൽ പറയുന്നു. ചൊവ്വാഴ്ച വരെ 17 പേർ മരിച്ചതായി സംസ്ഥാന ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു. രണ്ടേകാൽ കോടിയോളം പേർ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ഉല്ലാസത്തിനും ആഘോഷങ്ങൾക്കും പേരുകേട്ട കലിഫോർണിയൻ ബീച്ചുകൾ തിരിച്ചറിയാനാവാത്തവിധം നശിച്ചുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഭവനങ്ങൾ നശിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകുകയും ചെയ്തു. നൂറു കോടി ഡോളറിന്റെ നാശം സംസ്ഥാനം നേരിട്ടതായി വിലയിരുത്തപ്പെടുന്നു.



