ഒട്ടാവ : കാനഡയിലെ ഒട്ടാവയില്‍ ശ്രീലങ്കന്‍ സ്വദേശികളായ ആറുപേര്‍ കത്തിക്കുത്തേറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഒട്ടാവയെ നടുക്കിയ ക്രൂര കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. അമ്മയും നാല് മക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ പിതാവും മാരകമായി കത്തിക്കുത്തേറ്റ് ചികില്‍സയിലാണ്. ബറാവന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശിയായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആറ് കൊലപാതകക്കുറ്റവും ഒരു കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ പൊലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും ഒരാളുടെയൊഴികെ ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകിയായ ഡിസോയ കൊല്ലപ്പെട്ട സ്ത്രീക്കും കുടുംബത്തിനുമൊപ്പമാണ് കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. 35കാരിയാണ് മരിച്ച യുവതി. ഇവരുടെ ഏഴ്, നാല്, രണ്ട്, രണ്ടുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളും ബന്ധുവായ 40കാരനുമാണ് കൊല്ലപ്പെട്ടത്.
ഭീതിദമായ ദുരന്തമാണ് ഉണ്ടായതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.ഒട്ടാവയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കുന്ന കൊലപാതകമെന്നായിരുന്നു മേയര്‍ മാര്‍ക് സട്ക്ലിഫിയുടെ പ്രതികരണം. നിരപരാധികളെ നിഷ്കരുണം കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഒട്ടാവ പൊലീസ് ചീഫ് എറിക് സ്റ്റബ്സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 ലക്ഷത്തിനടുത്താണ് ഒട്ടാവയിലെ ജനസംഖ്യ. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ 14 കൊലപാതകങ്ങളും 2023 ല്‍ 15 കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.