ബാര്‍ഹാവനിലെ ഒരു ടൗണ്‍ഹൗസിനുള്ളില്‍ അമ്മയും അവരുടെ നാല് പിഞ്ചുകുഞ്ഞുങ്ങളും കുടുംബത്തിലെ ഒരു പരിചയക്കാരനും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം.
കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ശ്രീലങ്കയില്‍ നിന്ന് കാനഡയിലേക്ക് പുതുതായി എത്തിയവരുടെ കുടുംബമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദാര്‍ശനി ബന്‍ബാരനായകെ ഗാമ വാല്‍വ്വേ ദര്‍ശനി ദിലന്തിക ഏകനായകെ(35), ഇനുക വിക്രമസിംഗെ(7), അശ്വിനി വിക്രമസിംഗെ(4), റിയാന വിക്രമസിംഗെ(2), രണ്ട് മാസം പ്രായമുള്ള മകള്‍ കെല്ലി വിക്രമസിംഗെ, കുടുംബ സുഹൃത്തായ അമരകൂന്‍മുബിയന്‍സെല ഗെ ഗാമിനി അമരക്കോണ്‍(40)
ഏകനായകയുടെ ഭര്‍ത്താവ് ധനുഷ്‌ക വിക്രമസിംഗെയ്ക്ക് പരിക്കേറ്റതായും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 19 കാരനായ ഫെബ്രിയോ ഡി-സോയ്‌സയ്ക്കെതിരെ ആറ് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളും ഒരു കൊലപാതകശ്രമവും ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ കാനഡയിലുണ്ടെന്ന് കരുതുന്ന ഇയാള്‍ ശ്രീലങ്കന്‍ പൗരനാണെന്ന് ഒട്ടാവ പോലീസ് ചീഫ് എറിക് സ്റ്റബ്‌സ് പറഞ്ഞു.
ഡി-സോയ്സ ഈ കുടുംബത്തിന്റെ പരിചയക്കാരനും കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ താമസിച്ചിരുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. ഒട്ടാവയുടെ ഡൗണ്ടൗണ്‍ കോറില്‍ നിന്ന് 15 കിലോമീറ്റര്‍ തെക്കായി സംഭവസ്ഥലത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.