അമേരിക്കയിലെ തന്ത്ര പ്രധാന സ്ഥലങ്ങളും സൈനിക കേന്ദ്രങ്ങളിലും ചാരപ്പണി നടത്തുന്നു എന്ന് വിശ്വസിക്കുന്ന ചൈനീസ് ബലൂൺ വെടിവച്ചിട്ടു. അമേരിക്കയുടെ അത്‌ലാന്റിക് സമുദ്രാതിർത്തിയിൽ ബലൂൺ വീണതായി അമേരിക്കൻ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഒരു ആഴ്ച മുൻപാണ് അമേരിക്കൻ വ്യോമമേഖലയിൽ ബലൂണിന്റെ സാന്നിധ്യം കണ്ടത്. എന്നാൽ, കാലാവസ്ഥ നിരീക്ഷണ ഉപകരണം മാത്രമാണ് ബലൂൺ എന്നാണ് ചൈന പ്രതിവചിച്ചത്.
ബലൂൺ തകർക്കാനുള്ള ഓപ്പറേഷനു വേണ്ടി അമേരിക്കൻ സൈന്യം ശനിയാഴ്ച നോർത്ത് കരോലിനയുടെയും സൗത്ത് കരോലിനയുടെയും തീരത്തുള്ള മൂന്ന് വിമാനത്താവളങ്ങൾ പൂട്ടുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തു. ബുധനാഴ്ച ബലൂൺ തകർക്കാനുള്ള നിർദേശം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകി. എന്നാൽ ആളുകളിൽ പരിഭ്രാന്തി ഉണ്ടാകാതിരിക്കാൻ ബലൂൺ ജലത്തിന് മുകളിൽ എത്തുന്നതിന് വേണ്ടി കാത്തിരിക്കാനാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗൺ തീരുമാനിച്ചത്.
ജനുവരി 28ന് ബലൂൺ ആദ്യമായി യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം കനേഡിയൻ വ്യോമാതിർത്തിയിലേക്ക് നീങ്ങുകയും ജനുവരി 31ന് വീണ്ടും യുഎസിലേക്ക് പ്രവേശിക്കുകയും ചെയ്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സെൻസിറ്റീവ് ന്യൂക്ലിയർ മിസൈൽ സൈറ്റുകൾ സ്ഥിതി ചെയ്യുന്ന യുഎസ് സംസ്ഥാനമായ മൊണ്ടാനയിലാണ് ബലൂൺ കണ്ടെത്തിയത്. സംഭവം ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.