പി പി ചെറിയാൻ
ഡാലസ് : ഡാലസിൽ പ്രശസ്ത ചിത്രകാരൻ രാജശേഖരൻ പരമേശ്വരന്‍റെ ചിത്രപ്രദർശനം കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ചു. ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന പ്രദർശനം കാണാൻ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു. കേരള അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂർ, വൈസ് പ്രസിഡന്‍റ് അനസ്വീർ മാംമ്പിള്ളി, ബോർഡ് ഓഫ് ഡയറക്ടർമാരായ ഹരിദാസ് തങ്കപ്പൻ, സിജു വി ജോർജ്, ബേബി കൊടുവത്, ഫ്രാൻസിസ്, രാജൻ ഐസക് എന്നിവരും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ എന്നിവർ ആശംസകർ അറിയിച്ചു.
രണ്ട് ഗിന്നസ് ബുക്ക് റെക്കോർഡുകൾ സ്വന്തമാക്കിയ രാജശേഖരൻ പരമേശ്വരനെ തേടി തമിഴ്നാട് സർക്കാരിന്‍റെ കലൈമണി അവാർഡും കേരള സർക്കാരിന്‍റെ ബെസ്റ്റ് ആർട്ട് ഡയറക്ടർ പുരസ്കാരം (ചിത്രം – നാല് പെണ്ണുങ്ങൾ) എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, മനോഹരമായ കാഴ്ചകൾ, ഭാവങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന രാജശേഖരൻ പരമേശ്വരന്‍റെ ചിത്രങ്ങൾ കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകി. മനോഹര വർണ്ണങ്ങളാൽ നിറഞ്ഞ ഈ ചിത്രങ്ങൾ സ്വന്തമാക്കാനും, ചിത്രകാരൻ വരച്ചു നൽകുന്ന രേഖാചിത്രങ്ങൾ സ്വന്തമാക്കാനും നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ചു.