വാഷിങ്ടൻ : റഷ്യയിൽ നവൽനി നേരിട്ടതുപോലുള്ള പീഡനമാണ് താൻ നേരിടുന്നതെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂസ് ചാനലിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴാണ് ട്രംപ് രക്തസാക്ഷി പരിവേഷം അണിയാൻ ശ്രമിച്ചത്. എന്നാൽ, പുട്ടിൻ എന്ന പേരുപോലും അദ്ദേഹം മിണ്ടിയില്ല. ഇതു ചൂണ്ടിക്കാട്ടി ട്രംപിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.
‘ഇതു തന്നെയാണ് നമ്മുടെ രാജ്യത്തും നടക്കുന്നത്. എന്റെ കാര്യം നോക്കൂ, വിജയത്തിലേക്കു നീങ്ങുന്ന സ്ഥാനാർഥിയായ എന്നെ കേസിൽ കുടുക്കി.
നമ്മുടെ രാജ്യവും കമ്യൂണിസ്റ്റ് രാജ്യമായി മാറുകയാണ്’– ട്രംപ് പറഞ്ഞു. നവൽനി ധീരനായിരുന്നു എന്നു വിശേഷിപ്പിച്ച ട്രംപ് പക്ഷേ അദ്ദേഹം മോസ്കോയിലേക്ക് തിരിച്ചുപോകാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു. ട്രംപിന്റെ പ്രസ്താവനെ പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. ട്രംപ് പുട്ടിനെ വിമർശിക്കാൻ തയാറായില്ലെന്നതു ശ്രദ്ധിക്കണമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.