ബെംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹവുമായെത്തിയ അമേരിക്കൻ വിമാനം ബെംഗളൂരുവിൽ പറന്നിറങ്ങി. ഐഎസ്ആർഒ, നാസ എന്നീ ബഹിരാകാശ ഏജൻസികൾ സംയുക്തമായി വികസിപ്പിച്ച സിന്തറ്റിക് അപ്പറേച്ചർ സാറ്റ്ലൈറ്റാണ് സി-17 ചരക്കുവിമാനത്തിൽ ബംഗളൂരുവിൽ ഇറക്കിയത്. ഭൂമിയിലെ വിവിധ പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കാനായി തയ്യാറാക്കിയ ഉപഗ്രഹമാണിത്.
ഭൂമിയിലെ ആവാസവ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഉപഗ്രഹത്തിന് സാധിക്കും. മണ്ണിടിച്ചിൽ- ഉരുൾപ്പൊട്ടൽ സാധ്യത പഠിക്കാനും ഹിമാലയൻ പർവ്വതങ്ങൾ നിരീക്ഷിക്കാനുമാണ് ഐ.എസ്.ആർ.ഒ. ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക.
2,800 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഒരു എസ്.യു.വി കാറിൻറെ വലിപ്പമാണ് ഉപഗ്രഹത്തിനുണ്ടാവുക. 2024-ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതി.