ടെക്‌സസ്: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യു സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ കേരളത്തിലുള്ള ജൂലി സൂമിലടെയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. കാസര്‍കോട് ഭീമനടിയിലുള്ള ഭര്‍ത്യ ഗൃഹത്തിലാണ് ജൂലിയിപ്പോള്‍. ചടങ്ങിനു ശേഷം ഭവനത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ അടുത്ത ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.
തിരുവല്ല സ്വദേശിനിയായ ജൂലി മലയാളികള്‍ക്കിടയിലെ സവിശേഷ സാന്നിധ്യമാണ്. ഈ ബെഞ്ചിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്ന അംഗീകാരവും ജൂലിയുടെ പേരിലാണ്. ടെക്‌സസിലെ ആര്‍ക്കളയില്‍ അസോസിയേറ്റ് മുനിസിപ്പല്‍ ജഡ്ജും അറ്റോണിയും ആയിരുന്നു ജൂലി മാത്യു. കൗണ്ടി കോടതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജും ആദ്യത്തെ ജുവനൈല്‍ ഇന്റെര്‍വെന്‍ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് കോര്‍ട്ടില്‍ മുഖ്യ ജഡ്ജും ആയിരുന്നു.
യുഎസിലേക്ക് കുടിയേറിയ ശേഷം ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന പിതാവ് തോമസ് ഡാനിയല്‍ നേരിട്ട സാമ്പത്തിക-നിയമപ്രശ്‌നങ്ങളാണ് അഭിഭാഷകയാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. ജൂലിയും സഹോദരന്‍ ജോണ്‍സണും ഫിലഡല്ഫിയയിലാണ് പഠിച്ചു വളര്‍ന്നത്. ഡാനിയല്‍ ഇപ്പോള്‍ ഫാര്‍്മസിസ്‌റ് ആണ്. അമ്മ സൂസന്‍ നഴ്സും.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അവര്‍ ജൂറിസ് ഡോക്ടറേറ്റ് ചെയ്തത് ഡെലവെയര്‍ ലോ സ്‌കൂളിലാണ്. നെതെര്‍ലാന്‍ഡ്സിലെ യൂണിവേഴ്‌സിറ്റി ഓഫ് ലെയ്ഡനിലും പഠിച്ചിട്ടുണ്ട്. ഭീമനടി സ്വദേശി ജിമ്മി മാത്യുവിനും ജൂലി മാത്യുവിനും മൂന്നു മക്കളുണ്ട്.