പത്തനംതിട്ട: ശബരിമലയിൽ വെടിപ്പുരക്ക് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. മാളികപ്പുറത്തിന് സമീപമാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശികളായ എ.ആർ ജയകുമാർ, അമൽ, രജിഷ് എന്നിവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. വൈകീട്ട് 4.45ഓടെയാണ് ശബരിമലയിൽ അപകടമുണ്ടായത്.
വെടിവഴിപാടിന് കരാറെടുത്തയാളുടെ ജീവനക്കാരായ മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശരീരത്തിന്റെ 45 ശതമാനത്തോളം ഇവർക്ക് പൊള്ളലേറ്റതായാണ് വിവരം. വെടിവഴിപാടിന് വേണ്ടി കദന നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന വെടിമരുന്നുകൾക്ക് കൂടി തീപിടിച്ചത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. സന്നിധാനത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. അബദ്ധത്തിൽ കദന പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി.