വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കെവിൻ മക്കാർത്തിക്ക് വൻ തിരിച്ചടി. വിജയത്തിന് ആവശ്യമായ 218 വോട്ടുകൾ നേടുവാൻ ഭൂരിപക്ഷ പാർട്ടിയുടെ സ്ഥാനാർഥിയായ മക്കാർത്തിക്ക് സാധിച്ചില്ല. 19 യുഎസ് യുഎസ് റിപ്പബ്ലിക്കൻ അംഗങ്ങൾ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ല.
യുഎസ് ജനപ്രതിനിധി സഭയുടെ നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പ്രഥമ റൗണ്ടിൽ ഒരു സ്പീക്കറെ നിശ്ചയിക്കാനാവാത്ത സ്ഥിതിയുണ്ടാകുന്നത്. ഇതോടെ സ്പീക്കർ തെരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീങ്ങുകയാണ്. 1923 ലെ വിവാദമായ ഹൗസ് സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ് ഒരു സ്പീക്കർ രണ്ടാം ബാലറ്റിലേക്ക് നീങ്ങുന്നത്.
57 കാരനായ മക്കാർത്തി കഴിഞ്ഞ 10, 15 വർഷമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. കലിഫോർണിയയിൽ നിന്നു തന്നെയുള്ള ഈ കോൺഗ്രസ്മാന്റെ കരവലയത്തിൽ സ്പീക്കറുടെ ഗാവൽ എത്തിച്ചേരുമെന്ന് അനുയായികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തെ അടിയൊഴുക്കുകളിൽ മക്കാർത്തി വീഴുകയായിരുന്നു.
435 അംഗ സഭയിൽ 222ന്റെ നേരിയ ഭൂരിപക്ഷമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉള്ളത്. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ കലിഫോർണിയയിൽ നിന്നുള്ള മക്കാർത്തി വിജയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏകോപനമില്ലായ്മ പ്രധാന പരാധീനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തന്റെ പാർട്ടി (ഡെമോക്രാറ്റിക് പാർട്ടി) ന്യൂനപക്ഷമായതിനാൽ ഏറെക്കാലമായി സ്പീക്കറായി തുടർന്നിരുന്ന കാലഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി നാൻസി പെലോസി രാജിവച്ചതോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. 2021-ൽ 216 വോട്ടുകൾക്ക് നേടിയാണ് നാൻസി പെലോസി ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.