ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 11 വൈകിട്ട് 6:30 മണിക്ക് സെന്റ് പോൾ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
പ്രസിഡൻറ് റെവ: ഷൈജു സി ജോയ് മീറ്റിങ്ങിന് അധ്യക്ഷതവഹിച്ചു. യുവജനങ്ങൾ സഭയുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് മുന്നോട്ടുവരണമെന്നും, എങ്കിൽ മാത്രമേ ശക്തമായ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും അധ്യക്ഷപ്രസംഗത്തിൽ അച്ഛൻ യുവ ജനങ്ങളെ ആഹ്വാനം ചെയ്തു.
“വൈ മീ ഗോഡ് ” എന്ന വിഷയത്തെ ആസ്പദമാക്കി മിസിസ്സ്: ബിന്ദു കോശി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നിരാശയിൽ അകപ്പെട്ട് , കർത്താവേ ഇത് എന്തുകൊണ്ട് എനിക്ക് വന്നു എന്ന് ദൈവത്തെ ചോദ്യം ചെയ്യാതെ,മോശയെപ്പോലെ, ഹന്നായെ പോലെ, പൗലോസിന് പോലെ, പ്രതിസന്ധികളെ ജീവിതത്തിലെ വെല്ലുവിളികൾ ആയി ഏറ്റെടുത്ത്, ദൈവത്തെ കൂടുതൽ അറിയുവാനും അത് ദൈവ രാജ്യത്തിനും സമൂഹത്തിനും അനുഗ്രഹം ആക്കി തീർക്കുവാനും യുവജനങ്ങൾക്ക് സാധ്യമായി തരണമെന്ന് പ്രസംഗത്തിൽ ബിന്ദു കോശി യുവാക്കളെ ഉത്ബോധിപ്പിച്ചു.
നോമ്പിനോട് അനുബന്ധിച്ച് ഇംഗ്ലീഷിൽ നടത്തപ്പെട്ട സന്ധ്യ നമസ്കാരത്തിൽ യുവജനങ്ങളുടെ സാന്നിധ്യം ഏറെ പ്രശംസനീയം ആയിരുന്നു. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ട സന്ധ്യാനമസ്കാരത്തിലെ പാട്ടുകളും പ്രാർത്ഥനകളും ഒരു വേറിട്ട അനുഭവം ആയിരുന്നുവെന്നു യുവജനങ്ങൾ അഭിപ്രായപ്പെട്ടു. മീറ്റിങ്ങിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രൈസ് ആൻഡ് വർഷിപ്പ് ടീമിന്റ്റെ പാട്ടുകൾ യുവജനങ്ങൾക്ക് ദൈവത്തെ പാടി ആരാധിക്കുവാനും, മഹത്വപ്പെടുത്തുവാനും ഒരു വലിയ അവസരം ആയി തീർന്നുവന് പ്രൈസ് ആൻഡ് വർഷിപ്പ് കോർഡിനേറ്റർ ജോഷ്വാ സക്കറിയ പറഞ്ഞു.
2023- 2026 വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സെന്റർ എ യുടെ ഭാരവാഹികൾക്ക് മീറ്റിങ്ങിൽ പങ്കെടുത്ത ഏവരും ആശംസകൾ അറിയിച്ചു. സെന്റർ എ യുടെ സെക്രട്ടറി, ജോതം ബി .സൈമൺ സ്വാഗതം അറിയിക്കുകയും, സെന്റ് പോൾ യൂത്ത് ഫെല്ലോഷിപ്പ് സെക്രട്ടറി, ജസ്റ്റിൻ പാപ്പച്ചൻ നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡൻറ്, ഷൈജു സി. ജോയ് അച്ഛൻറെ പ്രാർത്ഥനയോടുകൂടി മീറ്റിംഗ് സമാപിച്ചു.
റിപ്പോർട്ട്: ബാബു സൈമൺ