വാഷിങ്ടൺ: പ്രതിപക്ഷ നേതാവ് അലക്സി നവാൽനി സൈബീരിയയിലെ തടവറയിൽ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യക്കെതിരെ പുതിയ ഉപരോധം വരുമെന്ന് പ്രഖ്യാപിച്ച് യു.എസ്. രണ്ടുവർഷം മുമ്പ് യുക്രെയ്ൻ അധിനിവേശത്തിനുടൻ പ്രാബല്യത്തിൽവന്ന ഉപരോധങ്ങൾ കടുപ്പിക്കുന്നതാകും പുതുതായി നടപ്പിൽവരുന്നവ.
റഷ്യൻ സമ്പദ്‍വ്യവസ്ഥയെ തളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇവയെന്നും വിശദാംശങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നാവൽനിയുടെ മരണത്തിൽ പങ്ക് സംശയിക്കുന്ന മുതിർന്ന സൈബീരിയൻ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.