പി പി ചെറിയാൻ
ക്ലീവ്‌ലാൻഡ് : 16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാൻ അമ്മ പോയതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പ്രതിയായ ക്രിസ്റ്റൽ കാൻഡെലാരിയോ (32) കുറ്റസമ്മതം നടത്തിയിരുന്നതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു.
2023 ജൂണിൽ ഡിട്രോയിറ്റിലേക്കും പ്യൂർട്ടോറിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ കാൻഡലാരിയോ മകൾ ജെയ്‌ലിനെ അവരുടെ ക്ലീവ്‌ലാൻഡിലെ വീട്ടിൽ ഉപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. 10 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പട്ടിണിയും കടുത്ത നിർജ്ജലീകരണവും മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിഷാദരോഗവും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളുമായി മല്ലിടുന്ന കാൻഡലാരിയോ കുഞ്ഞ് നഷ്ടപ്പെട്ടതിൽ തനിക്ക് വളരെയധികം വേദനയുണ്ട്, സംഭവിച്ച എല്ലാ കാര്യങ്ങളിലും താൻ അങ്ങേയറ്റം വേദനിക്കുന്നുവെന്നും പറഞ്ഞു.