പി. പി. ചെറിയാൻ
വാഷിങ്ടൻ : വാഷിങ്ടനിലെ എവററ്റ് സിറ്റിയിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം കാണാതായ 4 വയസ്സുള്ള ഏരിയൽ ഗാർഷ്യയുടെതാണെന്നു എവററ്റ് പൊലീസ് പറഞ്ഞു. എവററ്റിലെ വെസ്പർ ഡ്രൈവിലെ 4800 ബ്ലോക്കിൽ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് കുട്ടിയെ അവസാനമായി കണ്ടത്. കുടുംബാംഗത്തോടൊപ്പം അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് പുറത്തുകടന്ന ഗാർഷ്യയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായതായി എവററ്റ് പൊലീസ് വ്യക്തമാക്കിയിരുന്നു.
മൃതദേഹം എവററ്റ് സിറ്റിയിൽ എവിടെ നിന്നാണ് കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. സ്നോഹോമിഷ് കൗണ്ടി മെഡിക്കൽ എക്സാമിനർ മൃതദേഹ പരിശോധന നടത്തി മരണകാരണം നിർണയിക്കും.