വാഷിങ്ടൻ : കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ പിരിച്ചുവിടലുമായി ആപ്പിൾ. കലിഫോർണിയയിലെ സാന്റാ ക്ലാരയിലുള്ള 8 ഓഫിസിൽ നിന്നായി 614 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഏതൊക്കെ വിഭാഗത്തിൽ നിന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. മാർച്ച് 28 നാണ് പിരിച്ചുവിടൽ നോട്ടിസ് നൽകിയത്. മേയ് 27 മുതലാണ് പ്രാബല്യം.
കഴിഞ്ഞ രണ്ടു വർഷമായി മുൻനിര ഐടി കമ്പനികൾ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നത് വ്യാപകമാണെങ്കിലും ആപ്പിൾ വിട്ടുനിൽക്കുകയായിരുന്നു. കോവിഡ് കാലത്ത് ഐടി രംഗത്തുണ്ടായ വളർച്ചയെത്തുടർന്ന് കമ്പനികൾ വൻ തോതിൽ റിക്രൂട്മെന്റ് നടത്തിയിരുന്നു. പിന്നീട് വളർച്ച കുറഞ്ഞതോടെയാണ് ചെലവു ചുരുക്കാൻ പിരിച്ചുവിടൽ ആരംഭിച്ചത്. ആമസോൺ ഈ ആഴ്ച അവരുടെ ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസിൽ നിന്ന് പിരിച്ചു വിടൽ പ്രഖ്യാപിച്ചിരുന്നു.