വാഷിംഗ്ടൺ: മുൻ ഭാര്യയ്‌ക്ക് ദാനം ചെയ്ത വൃക്ക തിരികെ ആവശ്യപ്പെട്ട് ഭർത്താവ്. വിവാഹ മോചനക്കേസ് കോടതി പരിഗണിക്കുന്ന വേളയിലാണ് വിചിത്രമായി ആവശ്യം ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ മുന്നോട്ട് വെച്ചത്. ഭാര്യ ഡാവ്നെൽ ഒന്നുകിൽ വൃക്ക തിരികെ നൽകണമെന്നും അല്ലെങ്കിൽ അതിന്റെ വിലയായി 12 കോടി രൂപ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. 2001 ലാണ് റിച്ചാർഡ് ഭാര്യയ്‌ക്ക് വൃക്ക നൽകിയത്.
ഡാവ്നെൽ നഴ്സായി ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇവർ 1990ൽ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യയുടെ ആരോഗ്യസ്ഥിതി ദാമ്പത്യ ജീവിതത്തെ ബാധിച്ചതോടെയാണ് വൃക്ക നൽകാൻ റിച്ചാർഡ് തീരുമാനിച്ചത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയയ്‌ക്ക് ശേഷം ഭാര്യയുടെ സ്വഭാവം മാറി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് റിച്ചാർഡ് കണ്ടെത്തിയതൊടെ പ്രശ്‌നം രൂക്ഷമായി. 2005ലാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്.
വൃക്കയുടെ മൂല്യം മാത്രമാണ് ചോദിച്ചതെന്ന് യുവാവിന്റെ അഭിഭാഷകൻ ഡൊമിനിക് ബാർബറ പറഞ്ഞു. റിച്ചാർഡിന്റെ ആവശ്യം യുക്തിരഹിതമാണെന്ന് നിരീക്ഷിച്ച കോടതി ആവശ്യം കോടതി നിരസിച്ചു. ഡാവ്നെലിന്റെ അഭിഭാഷകൻ ഡഗ്ലസ് റോത്ത്കോഫ് വിധിയെ സ്വാഗതം ചെയ്തു. മനുഷ്യാവയവങ്ങൾ വാങ്ങാനോ ഉപയോഗിക്കാനോ കഴിയുന്ന ചരക്കുകളല്ലെന്ന് അദ്ദേഹം പറഞ്ഞു.