ഇസ്ലാമാബാദ്: തീരുവയുടെ പേരിൽ ഇന്ത്യ – യുഎസ് ബന്ധത്തിൽ ആടിയുലച്ചിൽ തുടരുന്നതിനിടെ പാകിസ്താൻ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും അടുത്ത ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 25ന് യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ചാകും കൂടിക്കാഴ്ച.
പാകിസ്താനിലെ വെള്ളപ്പൊക്കം,ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനുമായി നിലനിൽക്കുന്ന പ്രശ്നങ്ങളും നയതന്ത്ര സംഘർഷങ്ങളും ഈ ഉന്നതതല സംഭാഷണത്തിൻ്റെ ഭാഗമായേക്കും.
ഷെഹ്ബാസ് ഷെരീഫും അസിം മുനീറും ഡൊണാൾഡ് ട്രംപിനെ കാണുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിൽ നിന്നോ വാഷിങ്ടണിൽ നിന്നോ പാക് എംബസിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അസിം മുനീർ സമീപകാലത്തായി രണ്ടുതവണ യുഎസ് സന്ദർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ജൂണിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പാകിസ്താൻ സൈനിക മേധാവി മുനീറിനെ വൈറ്റ് ഹൗസിൽ സ്വാഗതം ചെയ്യുകയും വ്യാപാരം, സാമ്പത്തിക വികസനം, ക്രിപ്‌റ്റോകറൻസി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ജൂലൈയിൽ ട്രംപ് ഭരണകൂടം പാകിസ്താനുമായി ഒരു വ്യാപാര കരാർ പ്രഖ്യാപിക്കുകയും ഇസ്ലാമാബാദിന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കുമെന്ന് അറിയിക്കുകയും ചെയ്തു.



