സാൻ ഫ്രാൻസിസ്കോ: തീപിടിച്ച ടെസ്‌ല കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ 19കാരി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ ടെസ്‌ലയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു. ആർട്‌സ് വിദ്യാർഥിനിയായ ക്രിസ്റ്റ സുകഹാര എന്ന കൗമാരക്കാരിയാണ് കാറിനുള്ളിൽ കുടുങ്ങി മരിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ തുറക്കാൻ സാധിക്കാത്ത തരത്തിലുള്ള കാറിൻ്റെ ഡിസൈനാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ വ്യാഴാഴ്ച നിയമനടപടികൾ സ്വീകരിച്ചത്. ടെസ്‌ല കാറുകളിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് നിലവിലുള്ള മറ്റ് നിരവധി കേസുകൾക്ക് പിന്നാലെയാണ് ഈ പുതിയ കേസ്.
കാറിൻ്റെ ഡിസൈനിലെ പിഴവ് കാരണം കത്തുന്ന കാറിൽ നിന്ന് രക്ഷപ്പെടാൻ മകൾ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടിത്തമുണ്ടായപ്പോൾ വാതിലുകൾ തുറക്കാൻ ബുദ്ധിമുട്ടായി. കാറിനുള്ളിലെ തീയും പുകയും മൂലമാണ് മകളുടെ മരണം സംഭവിച്ചതെന്നും പരാതിയിൽ മാതാപിതാക്കൾ പറയുന്നുണ്ട്.
2024 നവംബറിൽ സാൻ ഫ്രാൻസിസ്കോയുടെ പ്രാന്ത പ്രദേശത്ത് വെച്ച് മദ്യപിക്കുകയും മയക്കുമരുന്ന് കഴിക്കുകയും ചെയ്ത ഡ്രൈവർ ഓടിച്ച സൈബർട്രക്ക് ഒരു മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ക്രിസ്റ്റ കാറിന്‍റെ പിന്നിലുണ്ടായിരുന്നു. ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരും അപകടത്തിൽ മരിച്ചു. രക്ഷാപ്രവർത്തകർ നാലാമത്തെയാളെ രക്ഷിച്ചു.



