വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. ടിക് ടോക് പ്രശ്നം ചർച്ചയിൽ നിൽക്കുന്നതിനിടയിലാണ് ഈ ചർച്ചയെന്നത് ശ്രദ്ധേയമാണ്. ചൈനയ്ക്കെതിരെ ഉയർന്ന നികുതികൾ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടിയും പശ്ചാത്തലത്തിലുണ്ട്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 30 മുതൽ നവംബർ 1 വരെയാണ് ഈ ഉച്ചകോടി നടക്കുക.
ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും ടിക് ടോക്കിനെക്കുറിച്ചും പ്രസിഡന്റ് ഷിയുമായി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. എല്ലാ പ്രശ്നങ്ങളിലും ഉടൻ തന്നെ ധാരണയിലെത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. താരിഫുകളേർപ്പെടുത്തി ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം വിശാലമാക്കുന്നതിനായി ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫോൺ സംഭാഷണം നടക്കുന്നത്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് അമേരിക്കയിലെ തങ്ങളുടെ ഓഹരികൾ വിൽക്കണം എന്നതാണ് ട്രംപ് ഭരണകൂടം എടുത്തിരിക്കുന്ന നിലപാട്. ഇതിന് തയ്യാറായില്ലെങ്കിൽ ആപ്പ് നിരോധിക്കും.
അതെസമയം ട്രംപിന്റെയും ഷിയുടെയും ഫോൺ സംഭാഷണം സംബന്ധിച്ച് ചൈനീസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരണം തന്നിട്ടില്ല.



