വാഷിംഗ്ടണ്‍: യൂട്ടായിലെ വെല്‍സ് ഫാര്‍ഗോ ബ്രാഞ്ച് കൊള്ളയടിച്ച 65കാരന്‍ അറസ്റ്റില്‍. ഡൊണാള്‍ഡ് മാത്യു സാന്താക്രോസ് എന്നയാളാണ് അറസ്റ്റിലായത്. എന്നാല്‍ കുറ്റകൃത്യത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ അസാധാരണമായിരുന്നു. ലക്ഷങ്ങളോ കോടികളോ ഒന്നുമല്ല, വെറും ഒരു ഡോളര്‍ മാത്രമാണ് ഇദ്ദേഹം മോഷ്ടിച്ചത്. അതും ജയിലില്‍ പോകാനുള്ള ആഗ്രഹം സാധിക്കാന്‍ വേണ്ടി മാത്രമാണ് ഈ മോഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡൊണാള്‍ഡ് ഒരു ബാങ്ക് ടെല്ലറുടെ അടുത്തേക്ക് ചെല്ലുകയും കവര്‍ച്ച നടത്തുന്നതിന് ആദ്യമേ ക്ഷമാപണം നടത്തുകയും ചെയ്തു. ഇത് ചെയ്യുന്നതിന് എന്നോട് ക്ഷമിക്കൂ, ഇതൊരു കവര്‍ച്ചയാണ്. ദയവായി എനിക്ക് 1 ഡോളര്‍ തരൂ എന്നെഴുതിയ ഒരു കുറിപ്പ് ഇദ്ദേഹം മാന്യമായി കൈമാറുകയും ചെയ്തു. ടെല്ലര്‍ പണം നല്‍കിയിട്ടും സാന്താക്രോസ് ബാങ്ക് വിടാന്‍ വിസമ്മതിക്കുകയും കള്ളനായ തന്നെ പിടിക്കാന്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വരുന്നതിനായി ലോബിയില്‍ കാത്തിരുന്നു.
65 കാരനായ ഡൊണാള്‍ഡ് മാത്യു സാന്താക്രോസിനെ മോഷണക്കുറ്റത്തിന് സാള്‍ട്ട് ലേക്ക് കൗണ്ടി ജയിലില്‍ അടച്ചതായി സാള്‍ട്ട് ലേക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ജയിലിലേക്ക് പോകാന്‍ ആഗ്രഹിച്ചതിനാല്‍ സാന്താക്രോസ് പോലീസ് വരുന്നതിനായി ലോബിയില്‍ കാത്തിരുന്നുവെന്നതാണ് ഈ സംഭവത്തെ അസാധാരണമാക്കുന്നതെന്ന് പൊലീസ് പറയുന്നു. പോലീസ് എത്താന്‍ സമയമെടുത്തതില്‍ അക്ഷമനായ ഇദ്ദേഹം താന്‍ തോക്ക് കൈവശം വയ്ക്കാത്തത് നിങ്ങളുടെ ഭാഗ്യമാണെന്ന് ബാങ്ക് ജീവനക്കാരോട് പറയുകയും ചെയ്തു. ഇതു കേട്ടതോടെ ബ്രാഞ്ച് മാനേജര്‍ എല്ലാ ജീവനക്കാരെയും അവരുടെ സുരക്ഷിതത്വത്തിനായി ഒരു മുറിയിലേക്ക് കയറ്റി വാതിലടച്ചു.
“ഒടുവില്‍ പോലീസ് എത്തുകയും സാന്താക്രോസിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെടാനും ഫെഡറല്‍ ജയിലിലേക്ക് പോകാനും ആഗ്രഹിച്ചതിനാലാണ് കവര്‍ച്ച നടത്തിയതെന്ന് സാന്താക്രോസ് സമ്മതിച്ചതായി സാള്‍ട്ട് ലേക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു . താന്‍ പുറത്തിറങ്ങിയാല്‍ മറ്റൊരു ബാങ്ക് കൊള്ളയടിക്കുകയും ഫെഡറല്‍ ജയിലില്‍ പോകുന്നതിന്റെ ഫലം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്.