ജീമോൻ റാന്നി
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളികൾക്കിടയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിത്വം, പ്രായം എൺപതിനോടുത്തുവെങ്കിലും എപ്പോഴും കർമനിരതനായി പുഞ്ചിരിയ്ക്കുന്ന മുഖവുമായി നിൽക്കുന്ന സൗമ്യതയുടെ പര്യായമായ ശശിധരൻ നായരുടെ എൺപതാം ജന്മദിനവും ശശിധരൻ നായർ – പൊന്നമ്മ നായർ ദമ്പതികളുടെ 50 മത് വിവാഹ വാർഷികവും ഹൂസ്റ്റണിൽ കൊണ്ടാടുന്നു.
ഏപ്രിൽ 16 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിലെ ജിഎസ്എച് ഇവന്റ് സെന്ററിൽ (GSH Event Center located at 9550 W Bellfort Ave., Houston, TX 77031) ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ആഘോഷത്തിൽ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിന്നർ പാർട്ടി, പ്രഗത്ഭ ഗായകരെ അണിനിരത്തി സംഗീതനിശ, കലാപരിപാടികൾ, അമേരിക്കയിലെ പ്രമുഖ വ്യക്തികളുടെ ആശംസ പ്രസംഗങ്ങൾ തുടങ്ങിയവ ആഘോഷരാവിന് മികവ് നൽകും.
അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, സാമൂദായിക രംഗത്തെ നിറസാന്നിധ്യമാണ് സുഹൃത്തുക്കളുടെ “ശശിയണ്ണൻ”. താൻ കൈ വച്ച സംരംഭങ്ങളെല്ലാം തന്നെ വിജയക്കൊടി പാറിക്കുന്നത് കൺകുളിർക്കേ കണ്ടു നിർവൃതിയടയുകയാണ് അദ്ദേഹം. ഏതു ചുമതലയിലായാലും ഒരു കാരണവരെപ്പോലെ മാർഗനിർനിർദ്ദേശങ്ങൾ നൽകി ആ പദ്ധതികളെ, പരിപാടികളെ പൂർണ വിജയത്തിലെത്തിയ്ക്കുവാൻ ശശിയണ്ണൻ മുമ്പിലുണ്ടാകും.
1943 ഏപ്രിൽ 28 നു ജനിച്ച ശശിധരൻ നായർ എംഎസ് സി ബിരുദധാരിയാണ് (എംഎസ് യൂണിവേഴ്സിറ്റി ബറോഡ)1973 ഏപ്രിൽ 23 നായിരുന്നു വിവാഹം. താൻ ആരംഭിച്ച ബിസിനസ് സംരംഭങ്ങളും വിജയതിന്റെ കഥകൾ പറയും. 1977 ലാണ് അമേരിക്കയിൽ അദ്ദേഹം എത്തുന്നത്. 1979 ൽ നോർത്ത് ഷോർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കമിട്ടു. എം ഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ മെഡിക്കൽ ടെക്നോളോജിസ്റ്റായാരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടർന്ന് റീയൽറ്റർ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു. ആ മേഖലയിലും വിജയക്കൊടി പാറിയ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബിസിനസ് രംഗത്ത് സുപ്രീം ഹെൽത്ത് കെയർ, ഫ്രണ്ട്‌ലി സ്റ്റാർ ഇൻവെസ്റ്റ്മെന്റ്, സുപ്രീം ഗ്രാനൈറ്റ്, അസ്പിനോ ഇന്റർനാഷണൽ എന്നീ സംരഭങ്ങളുടെ പ്രസിഡണ്ട് ആൻഡ് ആൻഡ് സിഇഓയായി പ്രവർത്തിച്ചു. ഇപ്പോൾ സാഗാ ഇന്റർനാഷണലിന്റെ പ്രസിഡന്റും സിഇഓ മായി ബിസിനസ് രംഗത്തു സജീവമായി ഉണ്ട്.
സഹധർമ്മിണി പൊന്നമ്മ നായർ (സുഹൃത്തുക്കളുടെ പൊന്നമ്മ ചേച്ചി) 1975 ൽ ലണ്ടനിൽ നിന്നും ഹൂസ്റ്റനടുത്ത് (പോർട്ട് ആർതർ) എത്തിച്ചേർന്നു. 1979 ൽ ഹൂസ്റ്റണിൽ അന്നുണ്ടായിരുന്ന സെന്റ് ജോസഫ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്‌സായി ജോലി ആരംഭിച്ചു. 1981 മുതൽ എംഡി ആൻഡേഴ്സൺ ഹോസ്പിറ്റലിലും ഹാരിസ് ഹെൽത്തിലുമായി ജോലി ചെയ്തു. തുടർന്നു ബിസിനസ് രംഗത്തു ഇദ്ദേഹത്തിന് എന്നും കരുത്തും പിന്തുണയും നൽകി പോരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളായ ‘ഫോമ’യുടെ സ്ഥാപക നേതാവും സ്ഥാപക പ്രസിഡണ്ടുമായ ശശിധരൻ നായർ ഫൊക്കാനയുടെ പ്രസിഡറുമായും പ്രവർത്തിച്ചു. രണ്ടു സംഘടനകളുടെയും പ്രസിഡന്റായി പ്രവർത്തിയ്ക്കുവാൻ അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് ഇദ്ദേഹം. അടുത്തയിടെ ആരംഭിച്ച
“മന്ത്ര”യുടെ സ്ഥാപകനും (മലയാളീ അസോസിയേഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) കൂടിയാണ് ഇദ്ദേഹം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യ്ക്കും പ്രസിഡണ്ടായി നേതൃത്വം നൽകി.
ഹൂസ്റ്റണിലെ ആദ്യകാല മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) പ്രസിഡന്റായിരുന്ന ഇദ്ദേഹം മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡന്റും കൂടിയാണ്. മാഗിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ശശിധരൻ നായർ നൽകി വരുന്നത്. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തന ങ്ങളിലും സജീവമാണ്.
കേരള ഹിന്ദു സൊസൈറ്റിയുടെയും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും പ്രസിഡണ്ടായും ട്രസ്റ്റി ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു. കേരളത്തിലും അമേരിക്കയിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി വരുന്നു.
കോഴഞ്ചേരി മേലുകര മനക്കൽ കുടുംബാംഗമായ ശശിയണ്ണൻ അമേരിക്കയിലെ കോഴഞ്ചേരി സ്വദേശികളുടെ കൂട്ടായ്യയായ ‘കോഴഞ്ചേരി സംഗമത്തിന്റെ” സ്ഥാപക പ്രസിഡന്റാണ്. പൊന്നമ്മ ചേച്ചി പത്തനംതിട്ട ഇലന്തൂർ കോലേലിൽ കുടുംബാംഗമാണ്.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നും തന്റെ സുഹൃത്തുക്കളായ നിരവധി പ്രമുഖർ ഹൂസ്റ്റണിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഹൂസ്റ്റനിലെ നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കെടുക്കും.