ന്യൂഡൽഹി : ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് വഷളായ ഇന്ത്യ – യുഎസ് ബന്ധത്തിൽ പുതിയ പ്രതീക്ഷയുമായി ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ച. യുഎസ് വ്യാപാര ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചുമായി വാണിജ്യ – വ്യവസായ മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ നടത്തിയ ചർച്ചയാണ് ഇരുരാജ്യങ്ങൾക്കും ശുഭപ്രതീക്ഷ നൽകുന്നത്. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. 50 ശതമാനം എന്ന ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് യുഎസുമായി ഇന്ത്യ ഉഭയകക്ഷി വ്യാപാര ചർച്ചയിൽ ഏർപ്പെട്ടത്.
‘‘ഇന്ത്യയും യുഎസും തമ്മില്‍ നിലനിൽക്കുന്ന ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, വ്യാപാര കരാറിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾ നടന്നു. ചർച്ചകൾ പൊസിറ്റീവാണ്. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ധാരണയായിട്ടുണ്ട്’’ – കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ജൂലൈ 30നാണ് റഷ്യയിൽനിന്നു കുറഞ്ഞ വിലയക്ക് എണ്ണ വാങ്ങിയതിന് 50 ശതമാനം തീരുവ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ‍് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ വർധനവ് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ സംഭവിച്ചിരുന്നു.



