ന്യുയോര്‍ക്ക്: ടൈംസ് സ്‌ക്വയറില്‍ പുതുവത്സര ആഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടത് ഇസ്‌ളാമി തീവ്രവാദിയോ? മെയിനില്‍ നിന്നുള്ള ട്രെവര്‍ ബിക്‌ഫോഡ് പൊലീസ് ഉദ്യോഗസ്ഥനെ വടിവാള്‍കൊണ്ടു വെട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ ചെറുപ്പക്കാരനില്‍ നിന്നും കണ്ടെത്തിയ കുറിപ്പുകളാണ് ഇപ്പോള്‍ സംശയം പടര്‍ത്തുന്നത്. ‘അല്ലാഹുവിന്റെ മുന്നില്‍ പശ്ചാത്തപിക്കുക, ഇസ്‌ളാം മതം സ്വീകരിക്കുക’ എന്നിങ്ങനെയുള്ള നിരവധി കുറിപ്പുകള്‍ അക്രമിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളില്‍ നിന്നും പണവും ചില പുസ്തകങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കുറിപ്പുകള്‍ വിശദമായി പഠിച്ചു വരികയാണെന്നും ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. കുറിപ്പുകള്‍ സംവദിക്കുന്നത് സ്വന്തം മാതാവിനോടും സഹോദരനോടുമൊക്കെയാണ്. താന്‍ നല്ലൊരു മകന്‍ ആയിരുന്നില്ലെന്നും അല്ലാഹുവിനോട് പശ്ചാതപിക്കാത്ത നിങ്ങള്‍ നരകത്തിലേക്ക് പോകുമെന്നുമാണ് അമ്മയോടുള്ള കുറിപ്പില്‍ പറയുന്നത്. നിങ്ങള്‍ എന്റെ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്നുവെന്നും അതുകൊണ്ട് നിങ്ങളോട് എനിക്കൊരു കരുണയും ഇല്ലെന്നാണ് സഹോദരനോടുള്ള കുറിപ്പില്‍ പറയുന്നത്.
തീവ്രമത നിലപാടുകളുള്ള ഇയാളെ നേരത്തെ മുതല്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ എഫ്ബി പോസ്റ്റുകളില്‍ പലതും തീവ്രമത നിലപാടുകള്‍ നിറഞ്ഞതാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ബിക്‌ഫോഡ് തീവ്രനിലപാടുകളിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.