വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചരിത്രപരമായ തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. തീരുവ പ്രഖ്യാപനം അമേരിക്കയുടെ ആഗോള വിപണികളെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ന് ശേഷം ഏറ്റവും വലിയ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. ആൻഡ് പി 500 സൂചികകൾക്ക് ഏകദേശം 2 ട്രില്യൺ ഡോളർ മൂല്യമാണ് നഷ്ടപ്പെട്ടത്. നൈക്ക്, ആപ്പിൾ, ആമസോൺ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഓഹരി വിലകൾ ഇടിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഡോളർ 2.2% വരെ ഇടിഞ്ഞതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിതരണ ശൃംഖലകളെ ആശ്രയിക്കുന്ന കമ്പനികൾ ഉൾപ്പെടെ യുഎസ് വിപണികളിൽ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി 9.3% വും, നൈക്ക് 14.4%, ബെസ്റ്റ് ബൈ 17.8%, റാൽഫ് ലോറൻ 16.3% മൂല്യവും ഇടിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ ഇടിവ് നേരിട്ടതിൽ വൈറ്റ് ഹൗസ് പ്രതികരിച്ചു. വിപണിയിലെ ഇടിവുകളെ വൈറ്റ് ഹൗസ് അവഗണിക്കുകയാണ് ചെയ്തത്. ജനങ്ങൾ പ്രസിഡന്റ് ട്രംപിനെ അവിശ്വസിക്കരുതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേ സമയം, ട്രംപിന്റെ താരിഫ് യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു പ്രഹരമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചു. കാനഡയ്ക്ക് 25% തീരുവ ചുമത്തിയതിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതികരിച്ചിരുന്നു. അമേരിക്കയ്ക്ക് പകര ചുങ്കം ഏർപ്പെടുത്തുമെന്ന് കാർണി അറിയിച്ചിട്ടുണ്ട്.