ജനീവ: ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലച്ച വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ യു.എസ്-ചൈന നേതൃത്വം തീരുമാനിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ്ങിന്റെയും നേതൃത്വത്തിൽ പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻ നികുതി ചുമത്തിയതോടെയാണ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്.
ഇരു വിഭാഗവും തമ്മിലുള്ള ചർച്ച ശനിയാഴ്ച രണ്ടുമണിക്കൂറോളം നീണ്ടു. യു.എസ് പ്രതിനിധി സംഘത്തിൽ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമുണ്ടായിരുന്നു. ചർച്ചകൾക്ക് തുടക്കമിട്ടതായി ഇരുവിഭാഗവും സ്ഥിരീകരിച്ചെങ്കിലും കൂടിക്കാഴ്ച നടക്കുന്ന നയതന്ത്ര കേന്ദ്രം പരസ്യമാക്കിയിട്ടില്ല. മറ്റ് രാജ്യങ്ങൾക്ക് യു.എസ് നൽകിയ 90 ദിവസത്തെ നികുതി ഇളവ് ചൈനയും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന.



