അബുദാബി : ഏകദേശം 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎഇ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചരിത്രത്തിൽ ഇടംനേടി. സൗദിയും ഖത്തറും സന്ദർശിച്ച ശേഷം ട്രംപിന്റെ മധ്യപൂർവദേശത്തെ അന്തിമഘട്ടത്തിലാണ് അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെത്തിയത്. ട്രംപ് രണ്ടാം തവണ പ്രസിഡന്റായ ശേഷം ഔദ്യോഗികമായി നടത്തുന്ന ആദ്യ വിദേശപര്യടനമാണിത്.
അബുദാബിയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളി ഉൾപ്പെടെയുള്ള പ്രധാന ദേശീയ സ്മാരകങ്ങൾ സന്ദർശിച്ചു. ഗ്രാൻഡ് കനാലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന റിട്സ് കിൾട്ടൺ അബുദാബി ഹോട്ടലിലാണ് അദ്ദേഹത്തിന്റെ താമസം. “പാലസ് ഓഫ് ദ് നേഷൻ” എന്നറിയപ്പെടുന്ന ഖസർ അൽ വഥൻ, യുഎഇയുടെ ഭരണഘടനാ അധികാരമായ ഫെഡറൽ സുപ്രീം കൗൺസിലിന്റെ കൂടിയാലോചനാസ്ഥലവും സർക്കാരിന്റെ ഔദ്യോഗിക സമ്മേളനകേന്ദ്രവുമാണ്. 2017ൽ പൂർത്തിയായ ഈ കൊട്ടാരം 380,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലായി റാസൽ അഖ്ദർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.



