മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലെ പ്രശസ്ത വസതിയായ ‘ജൽസ’യെച്ചൊല്ലി കുടുംബത്തിൽ സ്വത്തുതർക്കം. അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യ റമോള ബച്ചനാണ് ജൽസയുടെ ഉടമസ്ഥാവകാശം ജയ ബച്ചന് കൈമാറിയ 1993ലെ സമ്മാനാധാരത്തെ (ഗിഫ്റ്റ് ഡീഡ്) ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്വത്ത് കൈമാറ്റം നടന്നതെന്നാണ് റമോളയുടെ ആരോപണം.
കഴിഞ്ഞ ഏഴുമാസത്തിനിടെ റജിസ്ട്രേഷൻ, സഹകരണസംഘം അധികൃതർക്ക് റമോള നിരവധി പരാതികൾ നൽകിയിട്ടുണ്ട്. മുംബൈയിലെ ആന്ധേരിയിലുള്ള ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ ഓഫീസിൽ പരാതിയിൽ വാദം ആരംഭിച്ചു. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം നൽകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉടമസ്ഥാവകാശ രേഖകളിലെ വൈരുധ്യമാണ് തർക്കത്തിന് പ്രധാന കാരണം. കപോൾ ഹൗസിങ് സൊസൈറ്റിയുടെ രേഖകളിൽ ജൽസയുടെ ഉടമയായി ജയ ബച്ചനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോളയുടെ പേരാണുള്ളത്. സർക്കാർ രേഖകളിൽനിന്ന് റമോളയുടെ പേര് മാറ്റി ജയയുടെ പേര് ചേർക്കാനുള്ള നീക്കമാണ് പഴയ തർക്കം വീണ്ടും സജീവമാക്കിയത്.
1993ലെ സമ്മാനാധാരം തയ്യാറാക്കിയ രീതിയെയും റമോള ചോദ്യം ചെയ്യുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ കടലാസിലാണ് രേഖ തയ്യാറാക്കിയതെന്നും സാക്ഷികളുടെ ഒപ്പുകൾ അതിലില്ലെന്നുമാണ് പരാതിയിലെ ആരോപണം. പിന്നീട് മഹാരാഷ്ട്ര സർക്കാരിന്റെ ‘അഭയ് യോജന’ പദ്ധതിയിലൂടെ രേഖ എങ്ങനെയാണ് രജിസ്റ്റർ ചെയ്ത് ക്രമപ്പെടുത്തിയതെന്നും അവർ ചോദ്യം ചെയ്തിട്ടുണ്ട്.
പരാതി ലഭിച്ചതായി ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. രേഖകളുടെ സാധുതയും ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും പരിശോധിച്ചുവരികയാണ്. അതേസമയം, തർക്കത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
സംഭവത്തിൽ അമിതാഭ് ബച്ചൻ പ്രതികരിച്ചിട്ടില്ല. ജയ ബച്ചനെ ബന്ധപ്പെടാനായില്ല. അഭിഷേക് ബച്ചന്റെ വക്താവ് വിഷയം കുടുംബത്തിനുള്ളിലെ സ്വകാര്യ കാര്യമാണെന്ന് അറിയിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
Leave a Comment
Your comment will be visible after admin approval.