കൂടുതൽ സങ്കീർണമായ ലക്ഷ്യങ്ങൾ യഥാർഥ്യമാക്കും: ആർട്ടെമിസ് 3 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളിൽ നാസ

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

ചന്ദ്രനെ വിജയകരമായി ചുറ്റിക്കറങ്ങി ആർട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളിലാണ് നാസ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളെ നാസ പ്രഖ്യാപിച്ചു. മനുഷ്യരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ടാണ് നാസ ആർട്ടെമിസ് ദൗത്യം ആരംഭിച്ചത്. ആർട്ടെമിസ് രണ്ടിൽ ഒറിയോൺ പേടകത്തിന്റെ കാര്യക്ഷമതയാണ് പരീക്ഷിച്ചത്. എന്നാൽ ആർട്ടെമിസ് 3-ൽ കൂടുതൽ സങ്കീർണമായ ലക്ഷ്യങ്ങൾ യഥാർഥ്യമാക്കാനാണ് നാസയും സഖ്യകക്ഷികളും ശ്രമിക്കുന്നത്.

എന്താണ് ആർട്ടെമിസ് 3 ദൗത്യം?

നാസയും (NASA) ബ്ലൂ ഒറിജിനും (Blue Origin) സ്പേസ് എക്സും (SpaceX) സംയുക്തമായി നടത്തുന്ന വളരെ സങ്കീർണമായ ഒരു ബഹിരാകാശ ദൗത്യമാണ് ആർട്ടെമിസ് 3 ദൗത്യം. ഭാവിയിൽ മനുഷ്യരെ ചന്ദ്രനിൽ സുരക്ഷിതമായി ഇറക്കുന്നതിന് മുന്നോടിയായി, ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് സുപ്രധാന സാങ്കേതികവിദ്യകളും ജീവൻ രക്ഷാ സംവിധാനങ്ങളും സംയുക്തമായി പരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നാസയുടെ നേതൃത്വത്തിൽ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ് ഉപയോഗിച്ച് നാല് ബഹിരാകാശ സഞ്ചാരികളെ ഒറിയോൺ (Orion) പേടകത്തിൽ സുരക്ഷിതമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. വാണിജ്യ പങ്കാളികളായ ബ്ലൂ ഒറിജിന്റെയും സ്പേസ് എക്സിന്റെയും ലാൻഡറുകളുമായി സുരക്ഷിതമായി ഡോക്ക് ചെയ്യുകയും, വ്യത്യസ്ത ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.

ഭാവിയിലെ ചാന്ദ്രയാത്രകൾക്കായി ഭൂമിയുടെ അന്തരീക്ഷം, ബഹിരാകാശ കാലാവസ്ഥ, ഒറിയോൺ പേടകത്തിനുള്ളിലെ അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഈ ദൗത്യത്തിൽ നാസ നടത്തും.

ബ്ലൂ ഒറിജിൻ തങ്ങളുടെ പരീക്ഷണ ലാൻഡറായ മാർക്ക് 1 വിക്ഷേപിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. ഇത് 90 ദിവസം വരെ ബഹിരാകാശത്ത് നിലനിർത്താൻ സാധിക്കുന്നതാണ്. ശേഷം നാസയുടെ ഒറിയോൺ പേടകം ഈ ലാൻഡറുമായി ബന്ധിപ്പിക്കും (docking). ഏകദേശം രണ്ട് ദിവസത്തോളം ഇത് തുടരും. യാത്രാസംഘം ഒറിയോൺ പേടകത്തിൽ നിന്ന് ലാൻഡറിനുള്ളിലേക്ക് പ്രവേശിച്ച് അതിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുകയും, സീറോ ഗ്രാവിറ്റിയിൽ സ്പേസ് സ്യൂട്ട് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്യും.

ബ്ലൂ ഒറിജിനെപ്പോലെ പ്രത്യേക ഡോക്കിങ് അഡാപ്റ്ററോട് കൂടിയ സ്റ്റാർഷിപ്പ് വി 3 ലാൻഡർ വിക്ഷേപിച്ച് പരീക്ഷണങ്ങൾക്കായി സ്പേസ് എക്സ് സജ്ജമാക്കും. ബ്ലൂ ഒറിജിൻ ലാൻഡറുമായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി വേർപെട്ട ശേഷം, ഒറിയോൺ പേടകം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പുമായി ഡോക്ക് ചെയ്യും. ഏകദേശം ഒരു ദിവസത്തോളം ഇവ പരസ്പരം ഘടിപ്പിച്ച നിലയിൽ തുടരുകയും വിവിധ ഹാർഡ്‌വെയർ, പ്രൊപ്പൽഷൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. ഇതിന് ശേഷമാണ് യാത്രാസംഘം ഒറിയോൺ പേടകത്തിൽ പസഫിക് സമുദ്രത്തിൽ ഇറങ്ങി ഭൂമിയിലേക്ക് മടങ്ങുക.

Share this story

Leave a Comment

Your comment will be visible after admin approval.