പി.പി ചെറിയാൻ
ഡാലസ്: നോർത്ത് അമേരിക്കൻ-യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനത്തിനെത്തിയ റവ. അരുൺ സാമുവൽ വർഗീസിനും ഷാരോൺ കൊച്ചമ്മയ്ക്കും ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
മെയ് 31 ഞായറാഴ്ച ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് അരുൺ അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിൻ രാജു,മുതിർന്ന പട്ടക്കാരൻ റവ. ടി. ജെ. ജോസഫ് എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ സ്വീകരണച്ചടങ്ങിൽ ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.ഡാലസിൽ വളരുകയും ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവകാംഗവുമായിരുന്ന അരുൺ അച്ചൻ, യു.എൻ.ടി സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം കുറച്ചു വർഷങ്ങൾ ജോലി ചെയ്തിരുന്നു. തുടർന്ന് പ്രാദേശികമായും മെക്സിക്കോയിലും സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുകയും, പൂർണ്ണസമയ ശുശ്രൂഷയ്ക്കായുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപട്ടത്തിലേക്ക് പ്രവേശിക്കുകയുമാണുണ്ടായത്. 2017-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.
തുടർന്ന് കറ്റാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി, ലോസ് ആഞ്ചലസ് ഹോറെബ് മാർത്തോമാ ചർച്ച് വികാരി, ന്യൂജേഴ്സി സെന്റ് സ്റ്റീഫൻസ് മാർത്തോമാ ചർച്ച് വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫിലാഡൽഫിയയിൽ സഭയുടെ മൂന്നാമത്തെ സമ്പൂർണ്ണ ഇംഗ്ലീഷ് ഇടവകയായ കോർണർസ്റ്റോൺ മാർത്തോമാ ചർച്ചിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയതും അരുൺ അച്ചനാണ്. റജിന് രാജു അച്ചൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു

യൂത്ത് ചാപ്ലിനായി പുതിയ ചുമതലയേറ്റ അച്ചന് ഇടവകാംഗങ്ങൾ എല്ലാവിധ ഭാവുകങ്ങളും നേർന്നു. സമ്മേളനത്തിൽ അരുൺ അച്ചൻ തനിക്ക് ലഭിച്ച സ്വീകരണത്തിന് സമുചിതമായ നന്ദിയും മറുപടിയും രേഖപ്പെടുത്തി. തുടർന്ന് റവ. ടി. ജെ. ജോസഫ് അച്ചന്റെ പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം മംഗളകരമായി സമാപിച്ചു.
Leave a Comment
Your comment will be visible after admin approval.