വെള്ളിയാഴ്ച ആറ് സ്വർണം: ഏഷ്യൻ ഗെയിംസ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

നഗോയ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. വെള്ളിയാഴ്ച ആറ് സ്വർണമുൾപ്പെടെ മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. വെള്ളിയാഴ്ച ബോക്‌സിങ്ങിലും ഗുസ്തിയിലുമടക്കം ഇന്ത്യ സ്വർണം നേടി. വനിതാ ഹോക്കിയിൽ 44 വർഷത്തിന് ശേഷം സ്വർണം നേടിയ ഇന്ത്യ ഒളിമ്പിക് യോഗ്യതയും കരസ്ഥമാക്കി.

നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 76 ആണ്. 16 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്. ജപ്പാന് 71 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. ചൈനയ്ക്ക് നിലവിൽ 316 മെഡലുകളുണ്ട്.

വെള്ളിയാഴ്ച മിന്നും പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ബോക്‌സിങ്ങിൽ മൂന്ന് സ്വർണമടക്കം ആറ് സ്വർണമാണ് വെള്ളിയാഴ്ച ഇന്ത്യ നേടിയത്. അമ്പെയ്ത്തിലെ സ്വർണനേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. റിക്കർവ് ഇനത്തിൽ വനിതാ ടീം സ്വർണം നേടി. പിന്നാലെ ബോക്‌സിങ് റിങ്ങിൽ ഇന്ത്യ മെഡലുകൾ വാരിക്കൂട്ടി. മൂന്ന് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.

വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ സ്വർണ മെഡൽ സ്വന്തമാക്കി. ഇതിഹാസതാരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമായും ലവ്‌ലിന മാറി. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വർണ നേട്ടം. ബോക്സിങ് റിങ്ങിൽ പിന്നെയും ഇന്ത്യ പൊന്നണിഞ്ഞു. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയും പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പംഗലും സ്വർണം നേടി.

പിന്നാലെ ഗുസ്തിയിലും സ്വർണനേട്ടം. ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിലാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്. 10-9 എന്ന സ്കോറിന് വിജയിച്ചു. അബ്ദുൾ മജീദി കുദിയെവിനെയാണ് തോൽപ്പിച്ചത്.

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയതോടെ ആകെ 16 സ്വർണമായി. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതിന് മുൻപ് 1982 ലാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. മാത്രമല്ല, ഒളിമ്പിക് യോഗ്യത നേടാനും ഇന്ത്യൻ വനിതകൾക്കായി.

Share this story

Leave a Comment

Your comment will be visible after admin approval.