ജയപ്രകാശ് നായര്‍
ന്യൂയോർക്ക്: അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അയ്യപ്പസംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോർക്കിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 ശനിയാഴ്ച അയ്യപ്പ സംഗമവും തുടർന്ന് 11 ഞായർ, 12 തിങ്കൾ ദിവസങ്ങളിൽ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും നടക്കും. ജാതി-മത ഭേദമന്യേ എല്ലാ ഭക്തജനങ്ങളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഒക്ടോബർ 10ന് രാവിലെ 8 മണിക്ക് ശ്രീ വല്ലഭ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് 26 North Tyson Center-ൽ നടക്കുന്ന ഗ്ലോബൽ അയ്യപ്പസംഗമം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.
യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയർമാൻ ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കവിയും സാഹിത്യകാരനുമായ ഡോ. സുകുമാർ കാനഡ, ആദ്ധ്യാത്മികാചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് പ്രസിഡന്റ് രാജീവ് ഭാസ്കർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ (ടാമ്പ), കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹൻ, മന്ത്ര അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ചാണ് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. എന്‍ബിഎ പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, എസ്‌എന്‍എ പ്രസിഡന്റ് സജി കമലാസനൻ, മഹിമ പ്രസിഡന്റ് രഞ്ജിത്ത് നായർ, എച്ച്‌കെഎസ് കോഓർഡിനേറ്റർ ഡോ. മധു പിള്ള, എസ്‌എജിഇ പ്രസിഡന്റ് രാജീവ് ഭാസ്കർ, എന്‍എസ്‌എസ് ഓഫ് ഹഡ്സൺ വാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ന്യൂയോർക്കിലെ കെഎച്ച്‌എന്‍എ, മന്ത്ര സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ സംഘാടനത്തിൽ പങ്കാളികളാകും.
ഔദ്യോഗിക സമ്മേളനത്തിനു ശേഷം പ്രശസ്ത ഗായകൻ ശബരീനാഥിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ അയ്യപ്പഭജന അരങ്ങേറും. ഭജന ഏകോപിപ്പിക്കുന്നത് നരേന്ദ്രൻ നായർ (ഹരി, ന്യൂജെഴ്സി) ആണ്.
തുടർന്ന് യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആചാരവിധിപ്രകാരമുള്ള ദീപാരാധനയും പൂജാചടങ്ങുകളും നടക്കും. യജ്ഞാചാര്യൻ തയ്യാറാക്കിയ 108 ശരണം വിളികൾ ഭക്തർ ഒരുമിച്ച് ഏറ്റു ചൊല്ലും. ഹരിവരാസനം ആലപിച്ചുകൊണ്ടായിരിക്കും ഈ ഘട്ടത്തിലെ ചടങ്ങുകൾക്ക് സമാപനം കുറിക്കുക.
അയ്യപ്പസംഗമത്തിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി വൈകീട്ട് 6 മുതൽ 6.30 വരെ 108 ശരണം വിളി നടക്കും. ഇതേ സമയത്ത് അമേരിക്കയിലെയും കാനഡയിലെയും വിവിധ അയ്യപ്പ ക്ഷേത്ര സന്നിധികളിലും ഒരേ 108 ശരണം വിളികൾ മുഴങ്ങുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
തുടർന്ന് വിവിധ കലാപരിപാടികൾ, പ്രസാദവിതരണം, അന്നദാനം എന്നിവ നടക്കും. രാത്രി 8 മണിയോടെ ഗ്ലോബൽ അയ്യപ്പസംഗമത്തിന്റെ ആദ്യദിന പരിപാടികൾ സമാപിക്കും.
11, 12 തീയതികളിൽ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞം
ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 9 മണിക്ക് ആചാര്യവരണത്തോടെ എന്‍ബിഎ സെന്ററിൽ (240-17 Braddock Ave, Bellerose, NY 11426) അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞത്തിന് തുടക്കമാകും. ഒക്ടോബർ 12 തിങ്കളാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യജ്ഞപരിപാടികൾ തുടരും.
യജ്ഞശാലയിൽ യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരിയോടൊപ്പം യജ്ഞപൗരാണികരായി ജയപ്രകാശ് നായർ, ബാലകൃഷ്ണൻ നായർ, രാധാമണി നായർ, സുശീലാമ്മ പിള്ള, പ്രസന്ന ബാബു, സുപ്രഭാ നായർ, രത്നമ്മ നായർ എന്നിവർ പാരായണത്തിൽ പങ്കെടുക്കും.
എന്‍ബിഎ വുമൺസ് ഫോറം, സീതാ ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ള അംഗങ്ങളും പാരായണത്തിൽ പങ്കുചേരും. രാധാമണി നായർ, രാജേശ്വരി രാജഗോപാൽ എന്നിവർ ഇതിന്റെ ഏകോപനം നിർവഹിക്കും.
രണ്ടു ദിവസവും ജ്ഞാനയജ്ഞത്തിനു ശേഷം ഭജന, ആരതി, പ്രസാദവിതരണം, അന്നദാനം തുടങ്ങിയ ഭക്തിനിർഭരമായ ചടങ്ങുകളും നടക്കും.
അമേരിക്കയിലെയും കാനഡയിലെയും അയ്യപ്പഭക്തരെ ഒരേ ആത്മീയവേദിയിൽ കൂട്ടിയിണക്കുന്നതിനൊപ്പം അയ്യപ്പഭക്തിയുടെ സന്ദേശവും ആദ്ധ്യാത്മിക അറിവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ അയ്യപ്പസംഗമവും ജ്ഞാനയജ്ഞവും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ലോകാ സമസ്താ സുഖിനോ ഭവന്തുഃ
ലോകസമാധാനാർത്ഥം ഇദം മമഃ
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് (845) 548-3938
സെക്രട്ടറി രഘുവരൻ നായർ (917) 691-6622
ട്രഷറർ രാജഗോപാൽ കുന്നപ്പള്ളിൽ (917) 444-0466
ബോർഡ് അംഗങ്ങള്‍:
രാജു നാണു (718) 908-5192
വനജ നായർ (516) 993-1599
ഡോ. ഉണ്ണികൃഷ്ണൻ തമ്പി (516)395-1853
സഹൃദയൻ പണിക്കർ (631)839-1429
മഹാദേവ ശർമ്മ (718) 288-2209
രഞ്ജിത്ത് പിള്ള (732) 429-3679
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Leave a Comment
Your comment will be visible after admin approval.