പ്രായത്തിൽ കൃത്രിമം: ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ വിലക്കി ബി.സി.സി.ഐ

Global Indian Writer · September 4, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: പ്രായത്തിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ വിലക്കി ബി.സി.സി.ഐ. രണ്ടു വർഷത്തേക്കാണ് വിലക്ക്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിൽ തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച കഴിയുമ്പോഴാണ് താരത്തിനെതിരേ നടപടി വരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ രോഹിത്, ജൂലൈയിൽ നടന്ന അണ്ടർ-19 ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്കായി കളിക്കുകയും ആറു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. ഈ മാസം രാജ്‍കോട്ടിലും അഹമ്മദാബാദിലുമായി നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെയുള്ള ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിലും രോഹിത് ഉൾപ്പെട്ടിരുന്നു.

ശ്രീലങ്കയിൽ വെച്ച് രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രായത്തിൽ കൃത്രിമം നടന്നെന്ന് വ്യക്തമായത് . രോഹിത്തിന് 2007, 2009, 2010 എന്നിങ്ങനെ ജനന വർഷങ്ങളുള്ള മൂന്ന് ജനന സർട്ടിഫിക്കറ്റുകളുണ്ടെന്നാണ് കണ്ടെത്തൽ. ആധാർ രേഖകളിലും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ രജിസ്റ്റർ ചെയ്തപ്പോൾ ജനന വർഷം 2007 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ആധാർ രേഖകളിൽ അത് 2006 എന്നാക്കുകയും, 2021-ൽ അത് 2009 എന്ന് മാറ്റുകയും ചെയ്തു.

പൊരുത്തക്കേടുകൾ കാരണം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ രോഹിത്തിനെ ജൂനിയർ ടീമുകളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തുടർന്ന് ഇക്കാര്യം ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് രണ്ട് വർഷത്തേക്ക് രോഹിത്തിനെ വിലക്കിക്കൊണ്ട് ബിസിസിഐ നടപടി വരുന്നത്. 62 താരങ്ങളാണ് ഇത്തരത്തിൽ പ്രായത്തട്ടിപ്പ് നടത്തിയതായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.