മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ കുറ്റകൃത്യമായി പരിഗണിക്കാവുന്ന മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ നിലനിൽക്കുമെന്നും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. അതേസമയം, ബാലൻസ് ഷീറ്റ് സംബന്ധിച്ച കുറ്റം വിചാരണക്കോടതി ഒഴിവാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ കമ്പനി നിയമത്തിലെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും നടക്കുക.
എസ്.എഫ്.ഐ.ഒ സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ ആരംഭിച്ചു. കുറ്റാരോപിതരായ വീണ വിജയനും ശശിധരന്‍ കര്‍ത്തയും ഉള്‍പ്പെടെയുള്ളവര്‍ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത ദിവസം സമന്‍സയക്കും. ഈ മാസം മൂന്നിന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി. കമ്പനി കാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം പത്ത് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടിവരെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് വീണക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് വാങ്ങി വീണ വിജയനെ ചോദ്യ ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി.