ദുബൈ: ഫുജൈറയിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സർവീസ് ആരംഭിച്ച ബജറ്റ് എയർലൈൻസായ ഇൻഡിഗോ. യുഎഇയിൽ ഇൻഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാർക്ക് അടുത്ത എമിറേറ്റുകളിൽ നിന്ന് സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്.
മെയ് 15 മുതലാണ് ഇൻഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സർവീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്കെന്ന് എയർലൈൻസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സർവീസ് സേവനവും എയർലൈൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെയും അന്താരാഷ്ട്ര തലത്തിൽ നാല്പത്തിയൊന്നാമത്തെയും ഡെസ്റ്റിനേഷനാണ് ഫുജൈറ. പുതിയ സർവീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായിക്കുമെന്ന് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.
യാത്രക്കാർ ഏറെയുള്ള റൂട്ടെന്ന നിലയിൽ കണ്ണൂരിലേക്കുള്ള പ്രതിദിന സർവീസ് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.