Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവനിതാസംവരണ ബില്ലിന്റെ മറവിൽ ദേശവിരുദ്ധ ലക്ഷ്യങ്ങൾ: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വനിതാസംവരണ ബില്ലിന്റെ മറവിൽ ദേശവിരുദ്ധ ലക്ഷ്യങ്ങൾ: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

റാണിപ്പേട്ട്: വനിതാസംവരണ ബില്ലിന്റെ മറവിൽ ദേശവിരുദ്ധ ലക്ഷ്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണപറയുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാസംവരണ ബില്ലിന്റെ മറവിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നിൽ അപകടകരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം ദുർബലപ്പെടുത്താനുമുള്ള പദ്ധതിയണിതെന്ന് രാഹുൽ ആരോപിച്ചു. ഭാരതമെന്ന സങ്കൽപ്പത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ലോക്‌സഭയിൽ ഈ നീക്കങ്ങളെ ചെറുത്തതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനർനിർണയത്തെ ഒരു രാഷ്ട്രീയ ആയുധമായാണ് ബിജെപി ഉപയോഗിക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിന് എതിരായ ദേശവിരുദ്ധ നടപടിയായിരുന്നു. എന്നാൽ, പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയുടെ ഈ നീക്കത്തെ പരാജയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ബിജെപിയും ആർഎസ്എസും തമിഴ്‌നാടിന്റെ ചരിത്രം, സംസ്‌കാരം, ഭാഷ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനാണ് അവർ ശ്രമിക്കുന്നത്. തമിഴ്‌നാടിനെ ഡൽഹിയിൽനിന്ന് ഭരിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. എന്നാൽ, ലോകത്തെ ഒരു ശക്തിക്കും തമിഴ് ഭാഷയെ തൊടാൻ കഴിയില്ലെന്നും അത് ആയിരക്കണക്കിന് വർഷത്തെ അനുഭവങ്ങളുടെയും ഓർമ്മകളുടെയും ഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ് സംസ്‌കാരത്തെ വളച്ചൊടിക്കാനും ചരിത്രത്തെ നശിപ്പിക്കാനുമുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയെ “പൊള്ളയായ തോട്” എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. തമിഴ് ജനതയ്ക്കുവേണ്ടി പോരാടിയിരുന്ന പഴയ എഐഎഡിഎംകെ ഇപ്പോൾ നിലവിലില്ലെന്നും അഴിമതി മൂലം  എഐഎഡിഎംകെ നേതാക്കൾ മോദിയുടെയും അമിത് ഷായുടെയും  നിയന്ത്രണത്തിലാണെന്നും രാഹുൽ ആരോപിച്ചു.

തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി 28 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments