വാഷിങ്ടൺ: ബുധനാഴ്ചക്കു മുമ്പായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ നിർഭാഗ്യവശാൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കിയയിലെ അനറ്റോളിയയിൽ യോഗം ചേരുന്നുണ്ട്.
ഹുർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ പാരിസിൽ വിവിധ രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നു. ഈ യോഗത്തിന്റെ താൽപര്യംകൂടി മുൻനിർത്തിയാണ് ഇറാൻ ഹുർമുസ് തുറക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാവിക ഉപരോധം തുടർന്നാൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.



